10 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ്
Red alert in 10 districts; Flood warning in the state
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസം നിർണായകം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. മധ്യ – വടക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പുകൾ നൽകുന്ന സൂചന.
സംസ്ഥാനത്തെ മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിലാണ് പ്രളയ മുന്നറിയിപ്പ്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലേക്കുള്ള അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ / ദിവസങ്ങൾ
റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
02/08/2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
03/08/2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
02/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്.
03/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്.
04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
05/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
04/08/2022: തിരുവനന്തപുരം, കൊല്ലം.
05/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
06/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.