നാല് ജില്ലകളിൽ റെഡ് അലേര്‍ട്ട്, അതിതീവ്ര മഴ; കേരളം ജാഗ്രതയിൽ
Red alert, heavy rains in four districts; Kerala on alert
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ അതിതീവ്ര പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടയിലാണ് കൂടുതൽ ജില്ലകളിൽ റെഡ് അലേര്‍ട്ട്.
ഇടുക്കി ഒഴികെയുള്ള മറ്റു ജില്ലകളിൽ നാളെ ഓറഞ്ച് അലേര്‍ട്ടാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറങ്ങിയ പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേര്‍ട്ടുണ്ട്.
മുൻപ് യെല്ലോ അലേര്‍ട്ട് മാത്രമുണ്ടായിരുന്ന കൊല്ലം ജില്ലയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വരുന്ന രണ്ട് ദിവസവും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടുക്കി ജില്ലയിലെ മൂന്നാര്‍, പീരുമേട്, ഇടുക്കി, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ അതിതീവ്ര മഴ പെയ്തെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.
69.85 മില്ലിമീറ്ററാണ് സംസ്ഥാനത്ത് ഇന്നലെ പെയ്ത ശരാശരി മഴ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച പീരുമേട്ടിൽ പെയ്തത് 261 മില്ലിമീറ്റര്‍ മഴയാണ്. വയനാട്ടിലെ മറ്റു കേന്ദ്രങ്ങളിലും കൊച്ചി വിമാനത്താവള പരിസരത്തും പാലക്കാട് ജില്ലയിലും തീവ്രമഴ പെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിൽ ഒരു ന്യൂനമര്‍ദ്ദം കൂടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.