പികെ ശശി എംഎൽഎയെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ ശുപാർശ
Recommendation to include PK Shashi MLA in the CPM District Secretariat
പാലക്കാട്: പികെ ശശി എംഎൽഎയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൽ തിരിച്ചെടുക്കാൻ ശുപാർശയെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം സംസ്ഥാന സമിതിയോട് ശുപാർശ ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടർന്ന് പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞവർഷം തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതി പാർട്ടി രണ്ടംഗ കമ്മീഷനെ വെച്ച് അന്വേഷിച്ചതും, കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എന്ന പേരിൽ പുറത്ത് വന്ന പരാമർശങ്ങളുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഷൊർണ്ണൂർ എംഎൽഎയാണ് പികെ ശശി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ അംഗമായിരിക്കെയാണ് പികെ ശശിയ്ക്കെതിരെ പാർട്ടി അന്ന് നടപടിയെടുക്കുന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിന് പിന്നാലെ പാർട്ടിയിലേക്കും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തതിന് ശേഷമാണ് നേരത്തെ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനുള്ള തീരുമാനവും വരുന്നത്.