കുട്ടിയെ രക്ഷിക്കാന്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് നോണ്‍ സ്‌റ്റോപ്പായി ഓടിയത് 241 കി.മി
Raptisagar Express runs 241 km non-stop to save child
ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ച മൂന്നുവയസ്സുകാരിയെ രക്ഷിക്കാനായി 241 കിലോമീറ്റര്‍ നിര്‍ത്താതെ എക്‌സ്പ്രസ് ട്രെയിന്‍ ഓടി. റെയില്‍വേ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ലളിത്പുര്‍ മുതല്‍ ഭോപ്പാല്‍ വരെ ട്രെയിന്‍ ഓടിയത്. ഭോപ്പാലില്‍ ട്രെയിന്‍ നിര്‍ത്തി കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയപ്പോഴാണ് കാര്യങ്ങളുടെ യഥാര്‍ഥ ട്വിസ്റ്റ് പുറത്തായത്. കുട്ടിക്കൊപ്പമുണ്ടായിരുന്നത് അച്ഛനായിരുന്നു, പരാതി നല്‍കിയത് കുട്ടിയുടെ അമ്മയും, പരാതിയിലേക്ക് നയിച്ചതാവട്ടെ ഇരുവരും തമ്മിലുണ്ടായ കുടുംബപ്രശ്‌നവും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ലളിത്പുര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപത്താണ് ഇവരുടെ വീട്. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് രാത്രി മൂന്ന് മണിയോടെ മൂന്നുവയസ്സുള്ള കുഞ്ഞിനേയും കൂട്ടി പിതാവ് ട്രെയിനില്‍ കയറുകയായിരുന്നു. കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി യുവതി തന്നെയാണ് റെയില്‍വേ പോലീസിനെ അറിയിച്ചത്. സിസിടിവി പരിശോധനയില്‍ ഒരാള്‍ കുട്ടിയേയും കൊണ്ട് രപ്തി സാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കയറുന്നതും കണ്ടെത്തി.
തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താനുള്ള പദ്ധതി പോലീസ് തയ്യാറാക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് ട്രെയിന്‍ ഭോപ്പാല്‍ വരെ നോണ്‍സ്‌റ്റോപ്പ് ആക്കാന്‍ അനുമതി വാങ്ങി. ഭോപ്പാല്‍ സ്റ്റേഷനില്‍ പോലീസ് കാത്തുനില്‍ക്കുകയും ചെയ്തു. ട്രെയിന്‍ സ്‌റ്റേനിലെത്തിയ ഉടന്‍ കുട്ടിയേയും തട്ടിക്കൊണ്ടുപോയ ആളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിക്കൊപ്പമുണ്ടായിരുന്നത് കുട്ടിയുടെ പിതാവ് തന്നെയാണെന്ന് മനസ്സിലായത്. ഇരുവരേയും പിന്നീട് ലളിത്പുരിലേക്ക് തിരിച്ചയച്ചു. ദമ്പതികള്‍ക്ക് കൗണ്‍സിലിങിനുള്ള സൗകര്യവും പോലീസ് ഒരുക്കി.