Kerala

‘നമ്പി നാരായണനെതിരെ മൊഴി നൽകാൻ പറഞ്ഞത് രമൺ ശ്രീവാസ്തവ’

'Raman Srivastava asked to testify against Nambi Narayanan'

കൊച്ചി: ചാരക്കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയ്ക്കെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയായിരുന്ന വിദേശവനിത ഫൗസിയ ഹസൻ. ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവരാണ് നമ്പി നാരായണനെതിരെ മൊഴി നല്‍കാൻ തന്നെ നിര്‍ബന്ധിച്ചതെന്നാണ് ഫൗസിയ ഹസ്സൻ്റെ വളിപ്പെടുത്തൽ. വിസമ്മതിച്ചപ്പോള്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫൗസിയ വെളിപ്പെടുത്തി.

നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്ന് രമൺ ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചെന്ന് ഫൗസിയ ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. ഐഎസ്ആര്‍ഓയിലെ രഹസ്യവിവരങ്ങള്‍ ലഭിക്കാനായി താൻ നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്നു മൊഴി കൊടുക്കണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. മകളെ തന്‍റെ മുന്നിൽ വെച്ച് ബലത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞതായി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിനു ശേഷം ഇതാദ്യമായാണ് ഫൗസിയ ഹസ്സൻ്റെ വെളിപ്പെടുത്തൽ.

മൊഴി കൊടുക്കാൻ വിസമ്മതിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്‍റെ മാറിലും കാലിലും അടിച്ചു. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് നമ്പി നാരായണൻ്റെ പേര് പോലും അറിയില്ലായിരുന്നുവെന്നും ഫൗസിയ പറഞ്ഞു. ഒടുവിൽ ഗതികെട്ട് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നല്‍കുകയായിരുന്നുവെന്നും ഈ മൊഴി വീഡിയോ ക്യാമറയിൽ പകര്‍ത്തിയെന്നും ഫൗസിയ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കുകയായിരുന്നുവെന്നും ഫൗസിയ ആരോപിച്ചു. മാലി സ്വദേശിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് സ്ഥിരതാമസം.

മൊഴി വീഡിയോയിൽ പകര്‍ത്തുമ്പോള്‍ ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണൻ്റെ പേര് എഴുതി കാണിച്ചെന്നും അത് നോക്കിയാണ് താൻ പേരു പറഞ്ഞതെന്നും ഫൗസിയ പറഞ്ഞു. ഈ സമയത്തെല്ലാം രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. ചോദ്യം ചെയ്യുന്ന മുറിയിൽ വെച്ചാണ് നമ്പി നാരായണനെ ആദ്യമായി കാണുന്നതെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പോലീസ് മര്‍ദ്ദനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ടെന്നും നമ്പി നാരായണനു ലഭിച്ചതു പോലെ തനിക്കും ധനസഹായം വേണമെന്നും ഫൗസിയ ചാനലിനോടു പറഞ്ഞു. ആവശ്യമെങ്കിൽ അന്വേഷണത്തോടു സഹകരിക്കുമെന്നും ഫൗസിയ വ്യക്തമാക്കി.

എന്നാൽ ഈ ആരോപണങ്ങള്‍ രമൺ ശ്രീവാസ്തവ നിഷേധിച്ചു. താൻ അന്വേഷണസംഘത്തിൻ്റെ ഭാഗം പോലുമായിരുന്നില്ലെന്നും ഫൗസിയയുടെ മൊഴി തെറ്റിദ്ധാരണ മൂലമാകാമെന്നുമാണ് ശ്രീവാസ്തവയുടെ പ്രതികരണം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button