‘രാഹുൽ ഗാന്ധി ലഹരിക്ക് അടിമ’; ആരോപണവുമായി കർണ്ണാടക ബിജെപി അധ്യക്ഷൻ
Rahul Gandhi addicted to drugs'; Karnataka BJP president accused
ബെംഗളുരു: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ലഹരി കച്ചവടക്കാരനും ലഹരിക്ക് അടിമയുമാണെന്ന ആരോപണവുമായി കർണ്ണാടക ബിജെപി അധ്യക്ഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കർണ്ണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആരോപണവുമായി രംഗത്തെത്തിയത്.
“നിങ്ങൾക്ക് എന്ത് മൂല്യബോധമാണുള്ളത്? എഐസിസി പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി പറയുന്നു. നേതാക്കൾ പറയുന്നു രാഹുലിനെ പ്രസിഡന്റായി വേണമെന്ന്. ആരാണ് രാഹുൽ ഗാന്ധി? ലഹരി കച്ചവടക്കാരനും ലഹരി അടിമയുമാണ്. ഞാനല്ല ഇത് പറയുന്നത്, ഒരിക്കൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ആളുകൾക്ക് എങ്ങനെയാണ് പാർട്ടിയെ നയിക്കാനാകുക?” കട്ടീൽ ആരോപിച്ചു.
“ഇതാണ് നിങ്ങളുടെ കഥ. നിങ്ങളുടെ ദേശീയ അധ്യക്ഷ ജാമ്യത്തിൽ കഴിയുകയാണ്, നിങ്ങളുടെ ദേശീയ വൈസ് പ്രസിഡന്റും ജാമ്യത്തിൽ കഴിയുകയാണ്. അദ്ദേഹം ജയിലിൽ കഴിയേണ്ടതാണ്, എന്നാൽ ജാമ്യം വേണമെന്ന് കോടതിയോട് അപേക്ഷിച്ചു.” ഹൂബ്ലിയിൽ നടന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിൽ കട്ടീൽ പറഞ്ഞു.
പ്രസ്താവന വിവാദമായതിനെത്തുടർന്ന് ബിജെപി അധ്യക്ഷൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
“അദ്ദേഹത്തിന്റെ അജ്ഞതയും ഭാഷാ ശൈലിയും ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തെ ബിജെപി ശാസിക്കുകയും പുറത്താക്കുകയും വേണം.” തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മോദിയും അമിത് ഷായും ഇത്തരത്തിലുള്ള ആളുകളെ രാജ്യ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നും റാവു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് കർണ്ണാടക കോൺഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കുന്ന ‘അങ്കുതാ ഛാപ് ‘ എന്ന പ്രയോഗമാണ് കോൺഗ്രസ് നടത്തിയത്. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഡി കെ ശിവകുമാർ ഖേദപ്രകടനവുമായി രംഗത്തെത്തുകയും ട്വീറ്റ് പിൻവലിച്ചതായി വ്യക്തമാക്കുകയും ചെയ്തിരുന്നു.