അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന് രാഹുലും പ്രിയങ്കയും
Rahul and Priyanka say they will not take over the presidency
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ രാഹുലും പ്രിയങ്കയും ഉറച്ചുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നുമാണ് പ്രിയങ്കയുടെ നിലപാട് എന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തിനു പിന്നാലെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങളും വ്യക്തമാക്കുന്നത്.
പാര്‍ട്ടിയില്‍ അടിമുടി മാറ്റവും പുതിയ നേതൃത്വവും വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതില്‍ അധികം നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയെ കോണ്‍ഗ്രസ് അതിജീവിച്ചതിനു പിന്നാലെയാണ് ഈ വിഷയം എത്തിയത്.
അതിനിടെ, ഇടക്കാല അധ്യക്ഷപദം സോണിയ ഗാന്ധി രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. എന്നാല്‍ സോണിയ സ്ഥാനം രാജിവെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയും വ്യക്തമാക്കി.