റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി; സൈനികചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാലയിലുള്ള വ്യോമത്താവളത്തില്‍ റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങി. വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ അംബാലയില്‍ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഒപ്പം ഇന്ത്യയുടെ അതിര്‍ത്തിയെ ലക്ഷ്യമിടുന്ന ആര്‍ക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ നിര്‍ണായകമായ നാഴികക്കല്ലാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ ഈ ലാന്‍ഡിംഗ് എന്നും രാജ്‌നാഥ് സിംഗ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയിലെത്തിയത്. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ യു.എ.ഇയിലെ അല്‍ദഫ്‌റ സൈനിക വിമാനത്താവളത്തില്‍ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
വിദഗ്ധനായ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.
അതിനിടെ റഫാലില്‍ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു. ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. ബാക്കി അഞ്ചെണ്ണമാണ് ഇന്ത്യയിലെത്തിയത്.