ദിലീപിനെതിരെ തെളിവുകൾ ഇല്ല, പോലീസിനു തെറ്റുപറ്റിയെന്ന് ആർ ശ്രീലേഖ
R Srilekha says there is no evidence against Dileep, the police made a mistake

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ദിലീപിനെ അറസ്റ്റു ചെയ്തതിൽ പോലീസിനു തെറ്റുപറ്റി. ദിലീപിനെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. തെറ്റുപറ്റിയെന്ന് സമ്മതിച്ചാൽ പോലീസിൻ്റെ വിശ്വാസ്യത കൂടും. തെളിവില്ലെന്ന് വന്നതോടെയാണ് ഗുഢാലോചന കേസ് ഉയർന്നത്. ആ കേസിലും ഒരു തെളിവുമില്ലെന്നും ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ മുൻ ഡിജിപി വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ വിചാരണയും ഗൂഢാലോചനാ കേസിൻ്റെ അന്വേഷണവും നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് മുൻ ജയിൽ ഡിജിപിയുടെ വെളിപ്പെടുത്തൽ.
കുറച്ചുനാളായി തന്നോട് ചോദിക്കുന്ന സമകാലിക വിഷയത്തെ കുറിച്ചുള്ള അഭിപ്രായമാണ് പറയുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ആർ ശ്രീലേഖ എപ്പിസോഡ് ആരംഭിക്കുന്നത്. നടിയെ ആക്രമിച്ച സമയം താൻ ജയിൽ ഡിജിപി ആയിരുന്നു. നമ്മളെല്ലാവരും ഞെട്ടിയ സംഭവമായിരുന്നു അത്. കേസിൻ്റെ വിശദവിവരങ്ങൾ പതിയെ പുറത്തവരാൻ തുടങ്ങിയപ്പോൾ തനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസിൽ ഉൾപ്പെട്ടിരുന്ന പൾസർ സുനി ഉൾപ്പെടെയുള്ളവർ പല കേസുകളിൽ പ്രതികളാണ്. പൾസർ സുനിക്ക് വളരെ മോശമായ ഒരു പശ്ചാത്തലമുണ്ട്. എറണാകുളത്ത് 12 വർഷമായി താൻ ജോലി ചെയ്തിട്ടുണ്ട്. ഡിഐജിയായി റേഞ്ചിലും ഐജിയായി സെൻട്രൽ സോണിലുമൊക്കെ താൻ ജോലി ചെയ്തിട്ടുണ്ട്. ഈ സമയം സിനിമ മേഖലയിൽ ഉള്ള പലരും തൻ്റെ അടുത്ത് പല കാര്യങ്ങൾക്കായി വന്നിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു.
വളരെ അടുപ്പമുണ്ടായിരുന്ന നടിമാർ പൾസർ സുനിയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് ഡ്രൈവറായി വന്ന് വിശ്വാസ്യത പിടിച്ചുപറ്റി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അതു പോലീസിൽ പറയാത്തതെന്നും കേസാക്കി ഇയാളെ അകത്താക്കാമെന്നുമൊക്കെ ഒന്നുരണ്ടു പേരോട് താൻ രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ കരിയർ നശിക്കേണ്ട എന്നു വിചാരിച്ചും കേസുമായിട്ടു പോകേണ്ട എന്നുള്ളതുകൊണ്ടും കാശ് കൊടുത്തു സെറ്റിൽ ചെയ്തുവെന്ന് അവർ പറഞ്ഞു. രണ്ടുമൂന്നു നടികളുടെ കാര്യം പിന്നീട് പുറത്തുവന്നിട്ടുണ്ട്. കുറേ പേർ ഇതു പുറത്തുപറഞ്ഞിട്ടില്ലെന്ന് ശ്രീലേഖ പറയുന്നു.
പൾസർ സുനിയെ അറസ്റ്റു ചെയ്ത വേളയിൽ രണ്ടാഴ്ചയോളം അയാൾ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ഇത്രയും ദിവസങ്ങൾ കസ്റ്റഡിയിൽ വെച്ചു ചോദ്യം ചെയ്തിട്ടും ഇതൊരു ക്വട്ടേഷൻ ആയിരുന്നുവെന്ന് എന്തുകൊണ്ടു കണ്ടെത്താൻ കഴിയാതെ പോയി. ക്വട്ടേഷൻ ആണെങ്കിൽ സാധാരണ നിലയിൽ ഒരു പ്രതി അക്കാര്യം പോലീസിനു മുമ്പാകെ തുറന്നു സമ്മതിക്കേണ്ടതാണ്. പൾസർ സുനിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. കേസിൽ ആദ്യം കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് പൾസർ സുനി അയച്ചതെന്നു പറയുന്ന കത്ത് പുറത്തുവന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു.