ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ആഭ്യന്തര വിദേശ തൊഴില്‍ മന്ത്രാലയങ്ങളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിര്‍ധനരായ 50000 പ്രവാസികള്‍ക്ക് സഹായകരമായി. 17 രാജ്യങ്ങളില്‍ നിന്നുള്ള 50,000 പ്രവാസികള്‍ക്കാണ് പ്രയോജനം ലഭിച്ചത്. ഈദ് അൽ അദക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 25,000 ഭക്ഷ്യ കൂപ്പണുകൾ വിതരണം ചെയ്തു.
ഖത്തറിലെ വിവിധ പ്രവാസി സംഘടനകള്‍ മുഖേന ഖത്തര്‍ ചാരിറ്റി, ഊരിദൂ എന്നിവയുടെ സഹകരണത്തോടെ അര്‍ഹരായവര്‍ക്ക് ഭക്ഷ്യകൂപ്പണുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ ഈദ് അല്‍ ഫിതറിന് നടപ്പാക്കിയ ‘നമ്മുടെ ഈദ് ഒന്നാണ്’ എന്ന സംരഭത്തിന്റെ രണ്ടാം ഘട്ടമായാണ് ബലിപെരുന്നാളിനോടനുബന്ധിച്ച് നടപ്പിലാക്കിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനകള്‍ക്ക് ലുസൈല്‍ സിറ്റിയിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ചാണ് കൂപ്പണുകള്‍ വിതരണം ചെയ്തത്.
ഈ കൂപ്പണുകള്‍ ഉപയോഗിച്ച് അല്‍മീരയുടെ വിവിധ ശാഖകളില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങുവാൻ സാധിക്കും. പ്രവാസി സമൂഹങ്ങളുടെ സംഭാവനയെ ഖത്തര്‍ എന്നും വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അവരെ പിന്തുണയ്ക്കാന്‍ എപ്പോഴും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അധികൃതര്‍ ചടങ്ങിൽ വ്യക്തമാക്കി.
ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നൈജീരിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, എത്യോപ്യ, ഉഗാണ്ട, ടാന്‍സാനിയ, ടുണീഷ്യ, ഗാംബിയ, സിയറ ലിയോണ്‍, ഘാന, കെനിയ രാജ്യങ്ങളുടെ എംബസികളുടെയും ഐ.സി.ബി.എഫ്, ഐ.സി.സി, കെ.എം.സി.സി, ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍, കള്‍ച്ചറല്‍ ഫോറം, എന്നിവയുള്‍പ്പടെയുളള ഖത്തറിലെ വിവിധ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് സംരംഭം നടപ്പിലാക്കുന്നത്.