ഖത്തര്‍ ലോകകപ്പ്: സ്വവര്‍ഗാനുരാഗികളുടെ റെയിന്‍ബോ പതാകകള്‍ അനുവദിക്കും
Qatar World Cup: Rainbow flags will be allowed for gay people
ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പ് വേളയില്‍ സ്റ്റേഡിയങ്ങളില്‍ ഫുട്‌ബോള്‍ ആരാധകരായ സ്വവര്‍ഗാനുരാഗികളുടെ റെയിന്‍ബോ പതാകകള്‍ അനുവദിക്കുമെന്ന് ഖത്തര്‍. 2022 ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നാസര്‍ അല്‍ ഖാതര്‍ അറിയിച്ചതാണിത്.
ഫിഫ ചട്ടങ്ങള്‍ക്ക് അനുസൃതമായി മത്സരങ്ങളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന എല്‍ജിബിടി വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വത്തിനും അനുസൃതമായാണ് ഖത്തര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ലോകകപ്പ് ആദ്യമായി ഒരു പശ്ചിമേഷ്യന്‍ രാജ്യത്തേയ്ക്ക് എത്തുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഖത്തറിനെ അത് പ്രാപ്തമാക്കിയെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.
‘ഫുട്‌ബോള്‍ ലോകത്തെ സ്വവര്‍ഗാനുരാഗിയായ ഒരു സ്ത്രീയാണ് ഞാന്‍. അതിനാല്‍ ഈ തീരുമാനത്തോട് വ്യക്തിപരമായി ഞാന്‍ അടുത്തുനില്‍ക്കുന്നു’- ഫിഫയുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എജ്യൂക്കേഷന്‍ ഓഫീസര്‍ ജോയ്‌സി കുക്ക് ഖത്തര്‍ തീരുമാനത്തെ കുറിച്ച് പറഞ്ഞു.
റെയിന്‍ബോ പതാകകളും ടി ഷര്‍ട്ടുകളും എല്ലാ സ്റ്റേഡിയങ്ങളിലും അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ നിലപാടുകളെ അവര്‍ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും ജോയ്‌സി കുക്ക് അഭിപ്രായപ്പെട്ടു.
എല്‍ജിബിടി അനുകൂല ഡിസ്‌പ്ലേകള്‍ നീക്കം ചെയ്യില്ലെന്ന ഉറപ്പ് ഖത്തര്‍ നേതൃത്വം ഫിഫയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. എല്‍ജിബിടി സംബന്ധിച്ച ഫിഫയുടെ എല്ലാ തീരുമാനങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ യാഥാസ്ഥിക രാജ്യമാണ്. എന്നിരുന്നാലും ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വ്യത്യസ്ത ആളുകളുടെ മൂല്യബോധത്തെ ഞങ്ങള്‍ മനസ്സിലാക്കുന്നു. ആളുകളുടെ വിശ്വാസങ്ങളിലെ വൈവിധ്യവും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ എല്ലാവരേയും സ്വാഗതം ചെയ്യുമെന്നും എല്ലാവരേയും ആദരവോടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തറിലെത്തുന്ന ആളുകള്‍ ഞങ്ങളുടെ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.