കടകളില്‍ വ്യാപക പരിശോധനയുമായി ഖത്തര്‍; നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി
Qatar with extensive inspection of shops; Several irregularities were found
ദോഹ: ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനാ ക്യാംപെയിന്‍ ശക്തമാക്കി വാണിജ്യ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപക പരിശോധനകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി അല്‍ ഷഹാനിയയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ 37 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരേ തുടര്‍ നടപടികള്‍ സ്വീകരിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും മറ്റ് പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ വ്യാപാര നിയമങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയതായി മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമ ലംഘനം തടയുന്നതിനുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ ദിവസം, അല്‍ ഖോര്‍, അല്‍ താഖിറ എന്നിവിടങ്ങളിലെ വെയര്‍ഹൗസുകളില്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
വാണിജ്യ മന്ത്രാലയം അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും ഇവയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് www.moci.gov.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയം എല്ലാ വ്യാപാരികളോടും കടയുടമകളോടും അഭ്യര്‍ത്ഥിച്ചു. രജിസ്‌ട്രേഷനും വാണിജ്യ ലൈസന്‍സിംഗുമായി ബന്ധപ്പെട്ടതുള്‍പ്പെടെ എന്തെങ്കിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നവര്‍ 16001 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.