ദോഹ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താത്‌കാലികമായി പ്രവർത്തനം നിർത്തിവച്ച ഇന്ത്യയിലെ ഖത്തർ വിസ സെൻ്ററുകളുടെ പ്രവർത്തനം പുനഃരാരംഭിച്ചു. ഇതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമായി.
നവംബർ 15 മുതൽ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് ആരംഭിച്ച സാഹചര്യത്തിലാണ് കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വിസ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
വിസ സെൻ്ററുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ തൊഴിൽ കരാർ ഒപ്പുവെയ്‌ക്കൽ, ബയോമെട്രിക് വിവരങ്ങളുടെ രജിസ്‌ട്രേഷൻ, മെഡിക്കൽ പരിശോധന എന്നിങ്ങനെയുള്ള നടപടികൾ നാട്ടിലെ വിസ സെൻ്ററുകൾ മുഖേനെ ചെയ്യാൻ കഴിയും
വിദേശികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടും രാജ്യത്തെ വിസ സെൻ്ററുകൾ തുറക്കാതിരുന്നത് ഖത്തറിലെ തൊഴിലുടമകള്‍ക്ക് തിരിച്ചടിയായിരുന്നു. നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഖത്തർ വിസ സെൻ്ററുകളുടെ പ്രവർത്തനം പുനഃരാരംഭിച്ചത്. കൊച്ചി, മുബൈ, ഡൽഹി, കൊൽക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലായി ഏഴ് വിസ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.