ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ഒന്നാമത് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ്ൽ ടീം സൂപ്പർ കിങ്സ്, ടീം യൂണിക്കിനെ തുടർച്ചയായ രണ്ട് സെറ്റുകളിൽ പരാജയപ്പെടുത്തി കിരീടാവകാശികളായി . കെഎംസിസി വടകര ടൌൺ ടീമും ടീം മാസ്റ്റേഴ്‌സും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. കിരീടം നേടിയ സൂപ്പർകിങ്സിന്റെ റെഹാൻ അർഷാദ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും ബിർള സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. അർജുൻ ഷൈൻ തിരുവനന്തപുരം സ്വദേശിയും എംഇഎസ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്. റണ്ണർഅപ്പ് ആയ ടീം യൂണിക്കിൽ മിഥുൻ ജോസും, അജു ഇമ്മനുവലുമാണ് കളിച്ചത്.
ഒന്നാം സ്ഥാനക്കാർക്ക് രണ്ടായിരം ഖത്തർ റിയാൽ പ്രൈസ് മണിയും ട്രോഫിയും ഖത്തർ കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീറും ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഷറഫ് പി ഹമീദും ചേർന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള 1000 ഖത്തർ റിയാൽ പ്രൈസ് മണിയും ട്രോഫിയും കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂരും കേശവ്ദാസ് നിലമ്പുരും ചേർന്ന് സമ്മാനിച്ചു. ടൂർണമെന്റിൽ എമെർജിങ് പ്ലയെർ അവാർഡിന് റാദി നജീബും, ഫാഇസ് അഹ്‌മദും അർഹരായി. നവംബർ 29, 30 തിയ്യതികളിലായി അൽവക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ്ൽ ഖത്തറിലെ പ്രമുഖരായ 16 പ്രവാസി ടീമുകളാണ് പങ്കെടുത്തത്. ബാഡ്മിന്റൺ അസോസിയേഷനിലെ പ്രമുഖരായ റഫ്രിമാർ ആയിരുന്നു ടൂർണമെന്റ് നിയന്ത്രിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ടൂർണമെന്റ് നടത്തിപ്പ്.
ഖത്തർ കെഎംസിസി സ്പോർട്സ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച ക്ലോസിങ് സെറിമണി എസ് എ എം ബഷീർ ഉത്ഘാടനം ചെയ്തു. കെഎംസിസി സ്പോർട്സ് വിംഗ് കൺവീനർ ഇബ്രാഹിം പരിയാരം, ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് പവൻ കുമാർ, ഡോo ഖത്തർ പ്രസിഡന്റ് വിസി മഷ്ഹൂദ് എന്നിവർ സംസാരിച്ചു. ഖത്തർ കെഎംസിസി സ്പോർട്സ് വിംഗ് ഭാരവാഹികളായ അബ്ദുൽ അസീസ് എടച്ചേരി, സിദ്ദീഖ് പറമ്പൻ, അജ്മൽ തെങ്ങലക്കണ്ടി, നൗഫൽ സികെ, മുജീബ് കോയിശ്ശേരി, മുഹമ്മദ് ബായാർ, ഷൌക്കത്ത് എലത്തൂർ, സമീർ പട്ടാമ്പി, നിയാസ് മൂർക്കനാട്, റസീൽ പെരിന്തൽമണ്ണ, റാഷിദ് പെരിന്തൽമണ്ണ, ജൂറൈജ് വാഴക്കാട്, നൗഫൽ പുല്ലൂക്കര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ഷഫീക് അറക്കൽ