ദോഹ: മൊബൈല്‍ ആപ്‌ളിക്കേഷനില്‍ പുതിയ സവിശേഷമായ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഖത്തര്‍ എയർവേസ്. കൂടുതല്‍ എളുപ്പത്തില്‍ യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതിനും യാത്രയില്‍ ഉടനീളം ശാരീരിക സമ്പര്‍ക്കവും ആശയവിനിമയവും കുറയ്ക്കുന്നതിനുമുള്ള അപ്ഡേറ്റുകളാണ് ആപ്‌ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബിലെ അംഗങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ 1,000 ക്യുമൈലുകൾ ലഭിക്കും.
ഓരോ പ്രദേശങ്ങൾക്കനുസരിച്ചുള്ള പ്രത്യേക ഓഫറുകളും ആപ്‌ളിക്കേഷനിലൂടെ അറിയാന്‍ കഴിയും. കൂടാതെ, ലോകമെമ്പാടുമുള്ള അറബി സംസാരിക്കുന്ന ഉപഭോക്താക്കളോടുള്ള എയർലൈനിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതരത്തിൽ മൊബൈൽ അപ്ലിക്കേഷൻ ഇപ്പോൾ അറബി ഭാഷയിലും ലഭ്യമാണ്.
“ഞങ്ങൾ യാത്രക്കാർക്ക് അനുയോജ്യമായ യാത്രാ സഹായിയായിട്ടാണ് പുതുക്കിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്, ഇതവരുടെ യാത്രാ പദ്ധതികളെ നിയന്ത്രിക്കാനും പുതിയ അപ്ഡേറ്റുകൾ കൃത്യമായി യാത്രക്കാരെ അറിയിക്കാനും സഹായിക്കുന്നു. പ്രധാനമായും നിലവിലെ സാഹചര്യത്തിനനുസരിച്ച് യാത്രയിലുടനീളം ശാരീരിക സമ്പർക്കം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യവും പുതിയ അപ്ലിക്കേഷൻ കൊണ്ട് നടപ്പിലാകും”. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
“ഖത്തർ എയർവേയ്‌സിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഉയർന്ന, പഞ്ചനക്ഷത്ര പദവിയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
എയർലൈനിന്റെ മൊബൈൽ അപ്ലിക്കേഷന്റെ ഹോം സ്‌ക്രീനിൽ ഇപ്പോൾ പ്രധാനമായി അവതരിപ്പിച്ചിരിക്കുന്ന ‘മൈട്രിപ്‌സ്’ എന്ന സവിശേഷമായ ഫീച്ചർ ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട സീറ്റും ഭക്ഷണവും മുൻകൂട്ടി തിരഞ്ഞെടുക്കാനും, ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും, ഒരു മൊബൈൽ വാലറ്റിലേക്ക് അവരുടെ ബോർഡിംഗ് പാസ് ഡൗൺലോഡു ചെയ്യാനും, അച്ചടിക്കാൻ ഒരു ബാഗേജ് ടാഗ് സൃഷ്ടിക്കാനും സാധിക്കും.
യാത്രക്കാര്‍ക്ക് അവരുടെ വരാനിരിക്കുന്ന ഫളൈറ്റ്, പുറപ്പെടുന്ന സമയം, ചെക്ക്-ഇന്‍, ബോര്‍ഡിങ്, ബാഗേജ് ശേഖരണം എന്നിവയെക്കുറിച്ചുള്ള പ്രധാന അലേര്‍ട്ടുകള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. ഇങ്ങനെ നിരവധി സേവനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് ആപ്‌ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയത്.
75-ലധികം സ്ഥലങ്ങളിക്ക് ഖത്തർ എയർവേയ്‌സ് ഇപ്പോൾ 500-ലധികം പ്രതിവാര വിമാനങ്ങൾ സർവീസുകൾ നടത്തുണ്ട്.