India

അഭിമാന നിമിഷം; ഗവേഷകർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Proud moment; Congratulations to the researchers

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഠിനാധ്വാനം ചെയ്ത ഗവേഷകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കൊവിഡ് വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഡിസിജിഐ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കൊവിഡ് പോരാട്ടത്തിലെ വഴിത്തിരിവ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട് വാക്സിനുകൾ നിർമ്മിച്ചത് ഇന്ത്യയിലാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

‘അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ് എന്ന കാര്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്രസമൂഹത്തിന്‍റെ താൽപ്പര്യമാണ് ഇത് വ്യക്തമാക്കുന്നത്. കരുതലും സഹാനുഭൂതിയും ആണ് ഇതിന്‍റെ അടിസ്ഥാനം’ അദ്ദേഹം കുറിച്ചു.

ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ശാസ്ത്രജ്ഞർ, പോലീസ് ഉദ്യോഗസ്ഥർ, ശുചിത്വ പ്രവർത്തകർ തുടങ്ങിയവരെയെല്ലാം പരമാർശിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിര്‍മിക്കന്ന കൊവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് ഡിസിജിഐ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരിക്കുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സിൻ രാജ്യത്ത് 60,000 ആളുകളിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതായും വാക്സിന് 70.42 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു തെളിഞ്ഞതായും ഡിസിജിഐ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ അധിഷ്ടിത വാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനുള്ള അനുമതിയും ഡിസിജിഐ നല്‍കിയിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button