India

അടല്‍ ടണല്‍ തുറക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; വൻ സന്നാഹമൊരുക്കി ഹിമാചൽ സർക്കാർ

Prime Minister Narendra Modi prepares to open Atal tunnel; The Himachal government has provided great warmth

സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തിലാണ് അടല്‍ ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആറ് മാസക്കാലം മഞ്ഞ് വീഴ്ച മൂലം അടച്ചിടേണ്ടി വരാറുളള റോത്തംഗ് ചുരത്തിലെ യാത്രാ പ്രശ്‌നത്തിലാണ് അടല്‍ ടണല്‍ വരുന്നതോടെ പരിഹാരമാകുന്നത്. അടല്‍ ടണല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരില്‍ ചീഫ് എഞ്ചിനീയറും മലയാളിയുമായ കണ്ണൂര്‍ സ്വദേശി കെപി പുരുഷോത്തമനും ഉണ്ട്.

ഉദ്ഘാടനത്തിന് എത്തുന്ന നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട കൂണ്‍ വിഭവങ്ങള്‍ അടക്കമൊരുക്കിയാണ് ഹിമാചല്‍ പ്രദേശ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. നേരത്തെ ഹിമാചല്‍ ബിജെപിയുടെ സംഘടനാ ചുമതല നരേന്ദ്ര മോദി വഹിച്ചിരുന്നു. അക്കാലത്ത് മുതല്‍ക്കേ ഹിമാചല്‍ ഭക്ഷണം പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ടതായിരുന്നു. വിലയേറിയ ഗച്ചി കൂണ്‍ കൊണ്ടുളള വിഭവങ്ങള്‍ പ്രധാനമന്ത്രിയുടെ മെനുവില്‍ ഉണ്ട്.

കിലോയ്ക്ക് നാല്‍പ്പതിനായിരത്തോളം രൂപ വില വരുന്നതാണ് ഗച്ചി കൂണ്‍. ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും മാത്രം കണ്ട് വരുന്ന ഈ കൂണ്‍ മോദിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോദിക്ക് വേണ്ടി ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ആണ് വിഭവങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹിമാചല്‍ ടൂറിസം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നന്ദലാല്‍ ശര്‍മ്മയ്ക്കാണ് മോദിയുടെ ഭക്ഷണം തയ്യാറാക്കാനുളള ചുമതല.

നന്ദലാല്‍ ശര്‍മ്മയും ഷെഫുമാരുടെ സംഘവും ഹിമാചലില്‍ ജോലി തുടങ്ങിക്കഴിഞ്ഞു. കുളുവിന്റെ പ്രത്യേകതയായ സിഡ്ഡു എന്ന വിഭവവും പ്രധാനമന്ത്രിയുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോതമ്പ് പൊടി കൊണ്ട് ആവിയില്‍ വേചിച്ച് പാകം ചെയ്യുന്ന ഭക്ഷണമാണ് സിഡ്ഡു. നെയ്യിന്റെയും ഗ്രീന്‍ ചട്‌നിയുടേയും ഒപ്പമാണ് സിഡ്ഡു വിളമ്പുക പതിവ്.

മഡ്രയാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്ന മറ്റൊരു വിഭവം. പച്ചക്കറികളും കുതിര്‍ത്ത ചന്നയും കൊണ്ട് തയ്യാറാക്കുന്ന വിഭവം ആണ് മഡ്ര. തീര്‍ന്നില്ല. പ്രധാനമന്ത്രിയുടെ ഹിമാചല്‍ മെനുവില്‍ ഇനിയും വിഭവങ്ങള്‍ ഏറെയുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ നാടായ മന്‍ഡിയില്‍ നിന്നുളള ഹിമാചലി സെപു വാടി എന്ന വിഭവവും മോദിക്ക് മുന്നില്‍ വിളമ്പും.

ഉഴുന്ന് പരിപ്പ് കൊണ്ട് പാകം ചെയ്യുന്ന ഈ വിഭവത്തെ നേരത്തെ ലോക്‌സഭാ പ്രചരണത്തിന് എത്തിയപ്പോള്‍ മോദി പ്രശംസിച്ചിരുന്നു. ഇത് കൂടാതെ കടു, അംല എന്നീ വിഭവങ്ങളും ഡെസര്‍ട്ട് ആയി മക്കി ഹല്‍വ, ബാത്തു കി ഖീര്‍ എന്നിവയും വിളമ്പും. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം മണാലിയില്‍ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മെനുവിലും മുഖ്യമന്ത്രിയുടേതാണ് അന്തിമ തീരുമാനം.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button