കൊവിഡ് 19നെതിരെ പുതിയ ഓൺലൈൻ ക്യാംപയിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘കൂട്ടായ പരിശ്രമം അനേകം ജീവൻ രക്ഷിച്ചു’
Prime Minister Narendra Modi launches new online campaign against Kovid 19; 'Collective effort saves many lives'
ന്യൂഡൽഹി: കൊവിഡ് 19നെതിരെ പുതിയ ഓൺലൈൻ ക്യാംപയിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരെ പോരാട്ടം തുടരണമെന്നും കൂട്ടായ പരിശ്രമങ്ങള്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാൻ സഹായിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “ഇന്ത്യയുടെ കൊവിഡ് 19 പോരാട്ടം നയിക്കുന്നത് ജനങ്ങാളാണ്. കൂടാതെ നമ്മുടെ കൊവിഡ് പോരാളികളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു. നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ അനേകം ജീവനുകള്‍ രക്ഷിച്ചു. നമ്മള്‍ ഈ പ്രവര്‍ത്തനം തുടരുകയും പൗരന്മാരെ വൈറസിൽ നിന്ന് രക്ഷിക്കുകയും ചെയ്യണം. #Unite2FightCorona” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “കൊറോണയ്ക്കെതിരെ പോരാടാൻ ഒരുമിക്കാം” എന്ന സന്ദേശവുമായി പുതിയ ഹാഷ് ടാഗ് ക്യാംപയിന് തുടക്കമിടുകയായിരുന്നു പ്രധാനമന്ത്രി.
മാസ്ക് ധരിക്കുക, കൈകഴുകുക, സാമൂഹിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ എല്ലായ്പ്പോളും ഓര്‍മിക്കണമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ അറിയിച്ചു. “രണ്ടടി ദൂരം” ശീലമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശൈത്യകാലവും ഉത്സവങ്ങളും തുടങ്ങുന്നതിന്റെ യും സമ്പദ്‍വ്യവസ്ഥ തുടങ്ങുന്നതിന്റെയും ഭാഗമായാണ് പുതിയ ക്യാംപയിന് പ്രധാനമന്ത്രി തുടക്കമിട്ടതെന്ന് പ്രധാനമന്ത്രിയുട ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ചെലവു കുറഞ്ഞ പുതിയ പ്രചാരണ പരിപാടി കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്നായിരിക്കും നടപ്പാക്കുക. കൊവിഡ് ബാധ കൂടുതലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് എളുപ്പത്തിൽ മനസ്സിലാകുന്ന സന്ദേശങ്ങള്‍ പങ്കുവെക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന് മാധ്യമങ്ങളെയും ഉപയോഗിക്കും. ഇതിനു പുറമെ പ്രധാന സ്ഥലങ്ങളിൽ പരസ്യബോര്‍ഡുകളും ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകളിലും സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.
കൊവിഡ് 19 പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരെ ഉപയോഗിക്കുമെന്നും രാജ്യവ്യാപകമായി നടത്തുന്ന മാധ്യമ ക്യാംപയിനുകള്‍ ഏകീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.