India

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; തീരുമാനം, സപ്തംബര്‍ 17ന്

Prices for two-wheelers will fall sharply; Decision, Sept.17

ന്യൂഡൽഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ് ഈ യോഗത്തിലെ അജണ്ട. എന്നാല്‍ സപ്തംബര്‍ 17ന് വീണ്ടും കൗണ്‍സില്‍ യോഗം ചേരും. അന്ന് ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിലവില്‍ 28 ശതമാനമാണ്. ജിഎസ്ടി നിരക്കിലെ ഏറ്റവും കൂടിയ നികുതിയാണിത്. രാജ്യത്തെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇരുചക്ര വാഹനമാണ്. അതുകൊണ്ടു തന്നെ വില കുറഞ്ഞാല്‍ വിപണി വേഗത്തില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് നികുതി നിരക്ക് കുറയ്ക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടത്.

ജിഎസ്ടി കൗണ്‍സിലില്‍ അനിയോജ്യമായ തീരുമാനം എടുക്കാമെന്ന് നിര്‍മല സീതാരാമന്‍ സിഐഐ പ്രതിനിധികളെ അറിയിച്ചു. ഓട്ടോ മൊബൈല്‍ രംഗത്തെ ജിഎസ്ടി ഘട്ടങ്ങളായി കുറയ്ക്കണമെന്നാണ് വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കല്‍ ആദ്യഘട്ടത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാലു ചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നത് ഏറ്റവും ഒടുവിലെ ഘട്ടത്തിലായിരിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പകളും അനുവദിക്കാനാണ് തീരുമാനം. വായ്പകള്‍ക്കുള്ള നടപടികള്‍ ലഘൂകരിക്കും. ഇത്തരം നടപടികളിലൂടെ വിപണി വീണ്ടും സജീവമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

പ്രഫഷണലുകള്‍ക്ക് വായ്പകള്‍ അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയവര്‍ക്കെല്ലാം ബിസിനസ് ആവശ്യം മുന്‍നിര്‍ത്തി വായ്പ അനുവദിക്കും. ആത്മനിര്‍ഭാര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപ ഇതുവരെ വായ്പയായി അനുവദിച്ചു.

ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍സ് എന്നിവയെ കൊറോണ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇവ വീണ്ടും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ബാങ്കുകളില്‍ കൂടുതല്‍ പണം എത്തിക്കാന്‍ റിസര്‍വ് ബാങ്കുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button