ഖത്തറില്‍ വലിയപെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആഘോഷത്തിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക; ആരോഗ്യ മന്ത്രി
ദോഹ: രാജ്യത്തെ വലിയ പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
രാജ്യത്ത് പെരുന്നാളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുകയും ജനങ്ങള്‍ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. ഈദ് ഗാഹുകളില്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരുകയും റോഡുകളിലെ തിരക്കുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് മുന്നറിയിപ്പ്. ഈദ് ദിനങ്ങളില്‍ രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറും പട്രോളിംഗ് ഏര്‍പ്പെടുത്താനും നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വലിയ പെരുന്നാൾ ആഘോഷ വേളയില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ നിർബന്ധമായും പാലിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ അല്‍ കുവാരി മുന്നറിയിപ്പ് നൽകി.
പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആളുകള്‍ മടി കാണിച്ചാൽ അത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഘോഷ വേളയില്‍ 60 വയസിന് മുകളിലുള്ളവരും ഗർഭിണികളും സാമൂഹിക ഒത്തു ചേരലുകള്‍ ഒഴിവാക്കണമെന്നും കൂടാതെ വീടുകളില്‍ നിന്നും പുറത്തു പോകുമ്പോള്‍ ആളുകള്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഓണാക്കി വെക്കണമെന്നും അല്‍ കുവാരിയുടെ നിർദേശത്തിൽ പറയുന്നു.