EntertainmentKerala

അഭ്രപാളിയിലെ നടന വൈഭവം ബാലൻ കെ നായർ

Popular Indian Film Actor Balan K Nair

മലയാള സിനിമയുടെ സെല്ലുലോയിഡിലെ ഗർജിക്കുന്ന പൗരുഷമായ ബാലൻ കെ നായർ വിട വാങ്ങിയിട്ട്, 2020 ആഗസ്റ്റ്‌ 26 ന് രണ്ട് പതിറ്റാണ്ട് തികയുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ കോഴിക്കോട് കൊയ്‌ലാണ്ടിയിലെ ചേമഞ്ചേരി ഇടക്കുളം കരുണാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും ദേവകി അമ്മയുടേയും മകനായി, 1933 ഏപ്രിൽ 4 നാണ് ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ നായരുടെ ജനനം. ബാല്യത്തിലെ മാതാ പിതാക്കൾ നഷ്ടപ്പെട്ട ആ ബാലൻ, എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ഉപജീവനം തുടരുകയായിരുന്നു.

കലയുടെ പാരമ്പര്യം പേറുന്ന ചേമഞ്ചേരിയുടെ പുത്രൻ, പതിനാലാമത്തെ വയസ്സ് മുതൽ നാടക രചനയിൽ വ്യാപൃതനായി. പകൽ അന്തിയോളം സ്വന്തമായി നടത്തുന്ന വർക്ക് ഷോപ്പിൽ ജോലിയും, രാത്രി കാലങ്ങളിൽ നാടക റിഹേഴ്സൽ ക്യാംപുകളിലെ പഠനവുമായി കോഴിക്കോട് നാടക വേദികളിൽ സജീവമായി.

പതിനഞ്ചോളം നാടകങ്ങൾ എഴുതുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുള്ള ബാലകൃഷ്ണൻ നായർ, സുബാഷ് തിയറ്റർ എന്ന പേരിൽ സ്വന്തമായി ഒരു നാടക സമിതി രൂപീകരിച്ചപ്പോൾ തന്റെ പേര് ബാലൻ കെ നായർ എന്നാക്കി ചുരുക്കി.

കോഴിക്കോടൻ നാടക സമിതികളായ യു. ഡി. എ. എക്സ്പെരിമെന്റൽ തിയറ്റേഴ്സ്, കോഴിക്കോട് കല, സംഗമം തിയറ്റേഴ്സ്, ദേശപോഷിണി കലാസമിതി തുടങ്ങിയവയിലെല്ലാം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

1960 കളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞ് കളിച്ച സൃഷ്ടി, ഒഥല്ലോ, ഈഡിപ്പസ്, ഉടഞ്ഞ വിഗ്രഹങ്ങൾ എന്നീ നാടകങ്ങളുടെ ജനശ്രദ്ധ, ബാലൻ കെ. നായരുടെ സമാനതകളില്ലാത്ത പ്രകടനം ഒന്ന് കൊണ്ട് മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദേവ് ആനന്ദിന്റെ ഡ്യൂപ്പായി, 1969 ൽ പുറത്തിറങ്ങിയ സർഹദ് എന്ന ചലച്ചിത്രത്തിലുടെയായിരുന്നു ബാലൻ കെ നായരുടെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. 1970 ൽ പുറത്തിറങ്ങിയ സുപ്രിയക്ക് വേണ്ടി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ. വിൻസെൻറ് മാഷ് സംവിധാനം ചെയ്ത നിഴലാട്ടം എന്ന ചിത്രത്തില്ലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. ഇതേ തുടർന്ന് എം. കൃഷ്ണൻ നായരുടെ ശബരിമല ശ്രീ ധർമ്മശാസ്താവിൽ മുഖം കാണിച്ചു. തുടർന്ന് പി. എൻ. മേനോന്റെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായപ്പോൾ നാടക വേദികളിൽ നിന്നും രാകിമിനുക്കിയ അഭിനയകല വെള്ളിത്തിരയിലെ ഭാവ പകർച്ചകൾക്ക് തീക്ഷണത കൂട്ടി.

തിരശീലയിലെ കൊടുങ്കാറ്റായി രണ്ട് ദശാബ്ദക്കാലം മലയാള സിനിമയിൽ നിറഞ്ഞാടിയ അഭിനയ പ്രതിഭ, കൂടുതലായും ചെയ്ത വില്ലൻ കഥാപാത്രങ്ങളുടെ അന്നോളമുള്ള സകല ഭാവതലങ്ങളും തച്ചുടക്കുകയായിരുന്നു. ക്യാരക്ടർ റോളുകളിലേക്ക് വേഷപകർച്ച നടത്തിയപ്പോൾ നാം കണ്ടത് മറ്റൊരു കലാ നൈപുണ്യം. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഓപ്പോളിലെ, കൗമാര പ്രായത്തിലുള്ള പെൺകുട്ടിയോട് പ്രണയാദുരമാകുന്ന വിമുക്ത ഭടനായ ഗോവിന്ദൻ കുട്ടിയിൽ പ്രേക്ഷകർ കണ്ടത് മറ്റൊരു ബാലൻ കെ നായരെയായിരുന്നു. സംസ്ഥാന സർക്കാർ വിസ്മരിച്ച ഗോവിന്ദൻ കുട്ടിയായി പകർന്നാടിയ നടന വൈഭവത്തെ രാജ്യം ഭരത് അവാർഡ് നൽകി ആദരിച്ചു.

ബഹുമതികൾ:

1974 അതിഥി – സംസ്ഥാന അവാർഡ് – സഹനടൻ
1978 തച്ചോളി അമ്പു – സംസ്ഥാന അവാർഡ് – സഹനടൻ
1979 ആറാട്ട് – കേരള ഫിലിം ക്രിടിക്സ് – മികച്ച രണ്ടാമത്തെ നടൻ
1980 ഓപ്പോൾ – ഭരത് അവാർഡ്.
2000 സമഗ്ര സംഭാവന അവാർഡ് – മാതൃഭൂമി മെഡിമിക്സ്

പ്രധാന സിനിമകളും അവയിലെ കഥാപാത്രങ്ങളും.

മാപ്പുസാക്ഷി – ലോറി ഡ്രൈവർ
അതിഥി – ശേഖരൻ
തച്ചോളി അമ്പു – മായൻ കുട്ടി
ആറാട്ട് – വെടിക്കെട്ട്ക്കാരൻ ചാക്കോച്ചൻ
അങ്ങാടി – ബീരാൻ
ഓപ്പോൾ – പട്ടാളക്കാരൻ ഗോവിന്ദൻ കുട്ടി
ചാട്ട – കാള വേലു
ഈനാട് – സഖാവ് കൃഷ്ണപിള്ള
1921 – കാര്യസ്ഥൻ ബീരാൻ
ഒരു വടക്കൻ വീരഗാഥ – കണ്ണപ്പച്ചേവകർ
കടവ് – കടത്തുകാരൻ ബീരാൻ മാപ്പിള

വിവാഹ ശേഷം ഭാര്യ ശാരദയുടെ നാടായ ഷൊർണൂരിൽ സ്ഥിര താമസമാക്കിയ ബാലൻ കെ നായർക്ക്, സിനിമ നടൻ മേഘനാഥൻ ഉൾപ്പടെ അഞ്ച് മക്കളാണ്. മൂത്ത മകൻ അനിൽ കുമാർ ഷൊർണൂരിലെ പ്രാദേശിക ചാനൽ എസ് ടി വി ഉടമസ്ഥൻ. പെൺമക്കൾ ലത, സുജാത. ഇളയ മകൻ അജയ് കുമാർ ഷൊർണൂരിൽ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായ കളർ ഹട്ട് ഉടമയാണ്. ബെൽബോട്ടൺ പാന്റ്സും കോട്ടുമിട്ട് ചുണ്ടത്ത് പൈപ്പും വെച്ച് നായകന്മാരെ വെല്ലുവിളിക്കുന്ന ബാലൻ കെ നായർ, ജിവിതത്തിൽ പച്ചയായ ഒരു നാട്ടിൻപുറത്ത്കാരൻ തന്നെയായിരുന്നു എന്നതിന് ഉദാത്ത മാതൃകയാണ്, തനിക്ക് പ്രിയമുള്ള ഷർട്ടും മുണ്ടും ധരിച്ച് പോയി ദേശീയ അവാർഡ് സ്വീകരിച്ചത്.

തീക്ഷണമായ നോട്ടവും പരുക്കൻ ശബ്ദവും കൊണ്ട് ഒരു ദശാബ്ദകാലം മലയാള നാടക വേദിയും, രണ്ട് ദശാബ്ദ കാലത്തോളം മലയാള സിനിമയെയും തന്റെ വരുതിയിലാക്കിയ ആ പ്രതിഭയെ, മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം കീഴ്പ്പെടുത്തുകയായിരുന്നു.
1990 ൽ പുറത്തിറങ്ങിയ കടവായിരുന്നു അവസാനത്തെ ചിത്രം. പിന്നീട് പത്ത് വർഷത്തോളം രോഗ പീഢകളോട് പടപൊരുതി ഒടുവിൽ 2000 ആഗസ്റ്റ 26 ന് ആ ഗർജനം നിലച്ചു.

കലകളുടെ പാരമ്പര്യവും സാംസ്ക്കാരിക പെരുമയും ഉറങ്ങി കിടക്കുന്ന ഷൊർണൂരിൽ, 2005 മുതൽ എല്ലാ വർഷവും സംഘാടന മികവിൽ ദീർഘ വീക്ഷണമുള്ള എം. ആർ. മുരളി നേതൃത്വം കൊടുക്കുന്ന, പ്രഭാതം സാംസ്ക്കാരിക വേദി സംഘടിപ്പിക്കുന്ന ഭരത് ബാലൻ കെ നായർ സ്മാരക അഖില കേരള നാടകോത്സവത്തിലൂടെ, ആ നടനവൈഭവം പ്രേക്ഷക മനസുകളിൽ ഒരു ഓർമ്മപ്പെടുത്തലായി നിലക്കൊള്ളുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button