ബൈക്ക് സ്റ്റണ്ടറെ കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു
Police have arrested a bike stunter for murder
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളേവേഴ്‌സുള്ള ബൈക്ക് സ്റ്റണ്ടറെ കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബില്‍ ഒമ്പത് ലക്ഷത്തിലേറെയും ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിലധികവും ഫോളേവേഴ്‌സുള്ള നിസാമുള്‍ ഖാനെയാണ് കാമുകിയുടെ സഹോദരനായ കമല്‍ ശര്‍മ(26)യെ കൊലപ്പെടുത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്താന്‍ നിസാമുള്‍ ഖാനെ സഹായിച്ച മറ്റു രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നിസാമുള്‍ ഖാനും സഹോദരിയുമായുള്ള അടുപ്പത്തിന് എതിരായിരുന്നു കമല്‍ ശര്‍മ. ഇതിനെ ചൊല്ലി കമല്‍ ശര്‍മ നിസാമുള്‍ ഖാനെ മര്‍ദിക്കുകയും സഹോദരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കൈവശം വെയ്ക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 28 ന് നോയിഡയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് സമീപത്തുള്ള റോഡില്‍ നിസാമുള്‍ ഖാന്‍ മോട്ടോര്‍ ബൈക്കിലെത്തി കമല്‍ ശര്‍മയെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നു. നിസാമുള്‍ ഖാനും ഒപ്പമുണ്ടായിരുന്നവരും ഉടന്‍ തന്നെ സ്ഥലം വിട്ടു. അന്ന് രാത്രി കമല്‍ ഖാന്‍ മരിച്ചു.
കമല്‍ ശര്‍മയുടെ സഹോദരന്‍ നല്‍കിയ പരാതിയും അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് നിസാമുള്‍ ഖാനുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
യൂട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനമുണ്ടാക്കിയിരുന്ന നിസാമുള്‍ ഖാന്‍ സുമിത്, അമിത് എന്നിവര്‍ക്ക് പണം നല്‍കിയാണ് കൊലപാതകത്തിന് സഹായം തേടിയതെന്ന് പോലീസ് പറഞ്ഞു. കമല്‍ ശര്‍മയുടെ സഹോദരിയും നിസാമുള്‍ ഖാന്റെ കാമുകിയുമായ പെണ്‍കുട്ടിയ്ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.