ധാത്രി തന്‍ മാറില്‍ നിന്നര്‍ക്കന്‍ വിമൂകമായ്
യാത്ര ചൊല്ലിപ്പിരിഞ്ഞീടുന്ന വേളയില്‍
നേര്‍ത്ത വിഷാദമായ് നില്പ്പൂ ചരാചരം
പേര്‍ത്തും വിരഹിണിയായ ധരിത്രിയും
രാത്രിയിന്നെന്നെ പുണരുവാനെത്തവേ
ഓര്‍ത്തു ഞാന്‍ പോകുന്നു സായാഹ്നചാരുത
ചേര്‍ത്തങ്ങണച്ച പുലരി തന്‍ ശോഭയും
ഏറ്റമുണവാര്‍ന്ന മധ്യാഹ്നനേരവും
ഇന്നെന്‍ മനസില്‍ ഇരുളിന്‍റെ സ്പന്ദനം
എങ്ങോ മറഞ്ഞ പകലിന്‍റെ നൊമ്പരം
മന്ദമായെത്തും മരണം, ഇന്നേകനായ്
നൊമ്പരം ചേര്‍ത്തുപിടിച്ചൊരെന്‍ തേങ്ങലും
എന്നുമെന്‍ താങ്ങായ് തണലായ മല്‍സഖി
എങ്ങോ മറഞ്ഞുപോയ്, വിങ്ങുന്നു മാനസം
മങ്ങിയ മാമക ചില്ലുപാത്രത്തിലായ്
ചെഞ്ചോര തന്‍ നിറം, വല്ലാത്ത വേവുകള്‍
തോരാമഴ പോല്‍ വിഷാദത്തിന്‍ തൂവാന-
മേറെ നനയിച്ചു പെയ്തുവെന്‍ ഉള്ളിതില്‍
യാത്രകളേറെ എനിക്കിഷ്ട, മന്ത്യമാം
യാത്രയ്ക്കിതാ ഇനി തേങ്ങുന്നുവെന്‍ മനം.
####