LiteraturePoetry
കവിത: പാഥേയരെ കാത്തിരിക്കും പാതകൾ _ സബിത മുഹമ്മദലി, ഒറ്റപ്പാലം
Poetry- Paths await the walkers - Sabitha Muhammadali - Ottapalam.jpg
യാത്രക്കാരെ കാത്തിരിക്കുന്ന വഴികൾ
ഒരുപാടുണ്ടീ ഭൂമിയിൽ
ഒരു വേളയെങ്കിലും
തങ്ങളുടെ യാത്രികരെ
ഒരു നോക്കു കാണാൻ
കൊതിയോടെ കാത്തിരിക്കുന്ന
യാത്രക്കാരുടെ
സർവ്വ മംഗളത്തിനായ്
പ്രാർത്ഥനാനിരതമായ
ദിവ്യവഴികൾ
സ്വർഗത്തിലേക്കുള്ള
കാരുണ്യത്തിന്റെ പാതകൾ
ഭൂമിയിലെ മനുഷ്യർക്ക്
സ്വർഗത്തിലെത്താൻ
സർവ്വേശ്വരൻ കനിഞ്ഞരുളിയ
കനിവിന്റെ മാർഗങ്ങൾ
വ്യദ്ധ സദനങ്ങളിലും
തറവാട്ടു കോലായികളിലും
ഉപയോഗശൂന്യമായ്
ആരോഗ്യവും
ആനന്ദവുമില്ലാതെ
പ്രതീക്ഷകളിൽ
തിമിരം ബാധിച്ചു കിടക്കുകയാണവർ
അവരുടെ വ്യഥകൾക്ക്
കാരണം യാത്രികരുടെ
തിരക്കാണ്
ഉപഭോഗ തൃഷ്ണയിൽ
ഭൂമിയിൽ സ്വപ്നസ്വർഗം
പണിയുവാനുള്ള
തിടുക്കത്തിലാണ്
എന്നിട്ടുമാ
പാതകൾ
പാഥേയർക്കായി
പ്രാർത്ഥനയോടെ
കാത്തിരിപ്പാണ് !