Poetry

കവിത: ഇനിയൽപ്പം വാൽക്കാര്യം പറയാം_ നളിനി ഹരിദാസ്

Poetry: Let's talk about Tails - Nalini Haridas

പാഠം ഒന്ന് – വാൽ
ജീവികളുടെ പിറകിലെ സുന്ദരമായൊരവയവം.

എന്തെല്ലാം ഉപയോഗങ്ങളാണ് വാലുകൾക്ക്.
ശത്രുക്കളെ ഭയപ്പെടുത്താൻ,
ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ ,
വികാര പ്രകടനത്തിന്, അങ്ങനെ പലതും.

ഓർമയിൽ ഇളകിയാടുന്ന
ഒട്ടേറെ വാലുകൾ.
കണ്ണിറുമ്മി പാൽ കുടിക്കും
പൂച്ചയുടെ വാൽ.
മനുഷ്യനോട് നന്ദി കാട്ടിത്തളരും നായവാൽ.
വിവാദ നായികയായ് വിലസും
ഗോവിൻ വാല്
സുന്ദരിമാരുടെ മുടിക്കെട്ടുപോൽ
കുതിരവാൽ
ഉഷസ്സിന്നുൻമേഷമായ് അണ്ണാരക്കണ്ണന്റെ പുന്നാരവാൽ
കോഴിപ്പെണ്ണിൻ വേഗം കൂട്ടും
പൂവന്റെ അങ്കവാൽ.

തലവിധി മാറ്റുന്ന ഗൗളിവാല്.
പ്രൗഡഗംഭീരമായ ആനവാല്.

(പറയുമ്പോൾ ഇതും കൂടി പറയട്ടെ, ആനകളനുഭവിക്കുന്ന പീഢനത്തെക്കുറിച്ച് നവ മാധ്യമങ്ങളിൽ എഴുതാറുള്ള ഞാൻ എന്റെ ആദ്യ കാമുകിക്ക് നൽകിയ
ആദ്യസമ്മാനം ഒരു ആനവാൽ മോതിരമായിരുന്നു!!!..)

ഇങ്ങനെ വാലിലഭിരമിക്കുന്നവരുടെ എണ്ണം
എണ്ണിയാലൊടുങ്ങുമോ…
ഇതിഹാസങ്ങളിലുമുണ്ടല്ലോ
വാലിന്റെ വീരശൂര കഥകൾ.!

എന്തിനധികം, മനുഷ്യൻ തന്നെ
പലപ്പോഴും ആരുടെയെങ്കിലും വാലും
വല്ലപ്പോഴും ഒരു വാലെങ്കിലും വേണമെന്ന്
കൊതിക്കുന്നവനുമാണല്ലോ.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ
ബഹുസ്വരതയിൽ ഊറ്റം കൊള്ളുന്ന
ഉത്തരാധുനിക ബുദ്ധിജീവിയായ ഞാനും
സൂക്ഷിക്കുന്നുണ്ടൊരു വാൽ .

എന്റെ അപ്പനപ്പൂപ്പൻമാരു തൊട്ടേ കൊണ്ടു നടക്കുന്ന,
എന്റെ പേരിനോടുരുമ്മിയുമ്മവെച്ച്,
എന്നെ തഴുകിത്തലോടി,
ചൂടും ചൂരുമേകുന്ന
ചേതോഹരമായിജ്ജാതിവാല്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button