LiteraturePoetry

കവിത: പരിണാമങ്ങൾ – രതി ശിവരാമൻ

Poetry: Evolution - Rathi Sivaraman

പച്ചപ്പാവാടയിട്ടൊരീ വയലേലകളിനി
കസവുടയാടയണിഞ്ഞു നിൽക്കും
സ്വർണ്ണക്കതിർക്കുലകൾ കാറ്റിലാടും
മൈനകൾ മെല്ലെ പറന്നിറങ്ങും.

ചാരെയീ പൂഞ്ചോല മന്ദമായൊഴുകും;
നമ്മൾ പ്രണയബന്ധിതർ മോചനം കൊതിക്കാതെ
ഇവിടെയീകടവിൽ ആദ്യമഴ നനയും
കുണുങ്ങിച്ചിരിച്ചീ പുഴ ഓടിപ്പോകും.

പെരുമഴക്കാലം വരും
അപ്പോഴാണീ പുഴ ഉന്മാദിയാവുക
നിറഞ്ഞും ചിലപ്പോൾ കവിഞ്ഞും
നമ്മുടെ പാദങ്ങളെ തെരുതെരെ
ചുംബിച്ചുകൊണ്ടിവൾ കുതിച്ചൊഴുകും;

പിന്നെ
പ്രളയം വരാതിരിക്കില്ല
പ്രളയവും പ്രണയവും ഒരുപോലെ
അതെല്ലാറ്റിനേയും മുക്കും
പ്രജ്ഞയേയും പ്രതിഭയേയും എല്ലാം

പ്രളയജലമിറങ്ങുമ്പോൾ,
പ്രണയം കൊടിയിറങ്ങുമ്പോൾ
രണ്ടുപേരും രണ്ടിടത്ത്;
തമ്മിലറിയാത്തവർ,

അല്ലെങ്കിൽ
ഒരിടത്ത്,തമ്മിലറിയേണ്ടാത്തവർ
ജീവിതമുല്യംതേടി
കണക്കുപുസ്തകങ്ങളിൽ
മുഖം പൂഴ്ത്തുന്നവർ;
രണ്ടു പ്രണയവിരോധികൾ…….

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button