ഉടയാട നെയ്യുന്ന കാറ്റിലൂടെത്തിയാ –
മരതകപ്പാടത്തിൻ
മണമൊന്നറിയേണം.!
ഇടവരമ്പൊന്നിലായ്
മിഴിപൂട്ടി നിൽക്കേണം
മുടിയിഴ കോതുന്നകാറ്റിൽ
ലയിക്കേണം!
പറയാതെ എത്തുന്ന പൂമഴത്തുള്ളികൾ നിറുകിൽത്തലോടുന്ന
സുഖമൊന്നറിയേണം!
മൂളാതെ പോയൊരാ മുളന്തണ്ടിന്നീണം
നുകരുവാൻ അധരങ്ങൾ ചുംബിച്ചമർത്തേണം. :
എഴുതാതെ പോയൊരാ കവിതകൾകോറുവാൻ
ഇളവെയിൽനീട്ടിയാ
തൂലികപുൽകേണം.
അറിയാതെ പോയൊരാ പ്രണയസ്വപ്നങ്ങളിൽ
സായന്തനത്തിൻ നിറച്ചാർത്തുപകരണം.
ഇനിയില്ല അധിക നാൾ ഇരുൾ
വന്നു മൂടുവാൻ
ആകാശക്കീറിന്റെ വെള്ള
പുതയ്ക്കു വാൻ.!
നിറഭേദമില്ലാതെ ചാരമായ് തൂവിഞാൻ
ഉയരത്തിൽ പാറി പറന്നീടുവാൻ ,
മരണമെനിക്കെന്നും
പുൽകിപ്പുണരുവാൻ അകതാരിൽ
മെനയുന്ന സ്വപ്നമാണ്.