എന്നാത്മാവിന്നാഴത്തിൽ
പതിഞ്ഞു നീയന്നൊരു
ജീവന്റെ ജീവനാം അംശമായി
വർണ്ണ ശബളമാം ചിത്രം കണക്കെ നീ
തെളിഞ്ഞതെൻ സൗഹൃദ
വഴികളിലൊക്കെയും
മിഴിവോടെ വന്നു നീ
തെളിവോടെ പറഞ്ഞൊരാ
കാര്യങ്ങളൊക്കെയും
ഏറെ പ്രിയമോടെ
കാതുകൾ കൂർപ്പിച്ച്
നിന്നിലലിഞ്ഞു
ഞാൻ കേട്ടിരുന്നു.
ഹൃദ്യമാം നിന്നിലെ
നന്മകൾ കേട്ട ഞാൻ
നിന്നോട്ടു ചേർന്നൊരേ
വെളിച്ചമായി.
നിന്നിൽ നിന്നെന്നെ
അടർത്തുവാൻ
കഴിയാതെ നിന്നിലേ
ക്കാഴത്തിൽ പതിക്കാൻ
കൊതിക്കുന്നതെപ്പഴും.
അടുക്കുമ്പോളകലുന്ന
നിന്നുടെ നന്മയാൽ
മായാത്ത ചിത്രത്തെ
മറക്കാൻ ശ്രമിക്കുന്നു
ഹൃദയം പറിച്ചു
ഞാനെറിയും പോലെ .
പറ്റില്ലൊരിക്കലും
നിന്നിൽ നിന്നകലുവാനെ –
ന്നാന്തലോടിന്നു ഞാൻ
തിരിച്ചറിഞ്ഞീടവേ…
ഞാനെന്ന നീയും
നീയെന്ന ഞാനും
ഒന്നായിരുന്നെന്ന
ചിന്തയിലിന്നു ഞാൻ
പരിഭവമില്ലാതുറങ്ങിടുന്നു.