മാനസംവെമ്പുന്നൊരുവരി കുറിക്കുവാൻ
വരിതുടങ്ങുമ്പോളുഴലുന്നു വാച്യാർത്ഥപദങ്ങൾക്കായ്
പാദമൂന്നുവാൻ.
അർത്ഥമുള്ളവയർത്ഥിക്കാനായമ്പേ പയറ്റുമ്പോൾ
അൻപിയന്നവരികൾക്കിമ്പ മൊരശേഷമാവതുമില്ല.
വാക്കുചേക്കേറിയ ചില്ലമേൽതിരയുമ്പോൾ
അമ്പേപഴകിദ്രവിച്ച ശുഷ്ക്കമാം മുറിവാക്കിൻ
ബാക്കിപത്രംമാത്രമല്ലോ.
ചിന്തകളിലുൾത്തീയെരിയുമ്പോഴുമീയേഴയാൾ
ചത്തമാതിരിയിരിപ്പത്
ചിത്തശൂന്യയായ്
ഭവിപ്പതിനുതുല്യമല്ലോ.
കവിഭാവന കാവ്യകല്പനയിങ്കൽ ലയഭാവമായെത്തുകിൽ
കാലുഷ്യമില്ലയെനിക്കിവിടെ
കടാക്ഷാക്ഷര,നദിയിൽ
മഞ്ജീരധ്വനിയുണർത്തി
കാവ്യകേളീരംഗമുണർത്തി
കാവ്യാർച്ചന ചെയ്യുവാൻ.
ശ്രീയായ് വിളയാടുക
ചിത്താംബരത്തിലമ്മേ ഭഗവതീ.
അക്ഷരകലയെ പങ്കിലമാക്കാതെ
ശ്രീത്വമോടെന്നുമീ പൈതങ്ങൾക്ക് കാവ്യധാരയേകുക.