പൂമരം വേരുകളെ തിരിച്ചറിയുന്ന ദിവസമാണ് മേഘപാളികളെ കൊത്തിയടർത്തി കാറ്റൊരു മഴ പെയ്യിക്കുക.
പൂക്കളുടെ സമൃദ്ധിയിൽ മരം വീഴാതിരിക്കാൻ
കെട്ടിപ്പുണരുന്ന വേരുകളന്ന് മുമ്പെങ്ങുമില്ലാത്ത വിധം നനഞ്ഞു കുതിരും.
ആഴത്തിലോടിയ വേരുകളെയോർത്ത്
പൂമരമന്ന് ഊറ്റം കൊള്ളും.
വന്നതും വരാനിരിക്കുന്നതുമായ
വസന്തങ്ങളെയോർത്ത്
ആനന്ദിക്കും.
വിയർപ്പിന്റെ ഗന്ധമുള്ള വേരുകൾ നിശ്ശബ്ദമായി
ഓടിതീർത്ത ദൂരം
അന്നാദ്യമായി വായിച്ചെടുക്കും.
അഹങ്കാരത്തിന്റെ ചില്ലകുനിഞ്ഞു താഴ്ന്ന് പാദങ്ങളിൽ അശ്രുപൂജ
ചെയ്യും.
അങ്ങിനെയാണ് അച്ഛനും അമ്മയും മുതുമുത്തച്ഛ ന്മാരുമടങ്ങുന്ന വേരുകളിൽ വസന്തം
നിറയുന്ന പൂമരമായി
നാം മാറുന്നത്..