
നിങ്ങളെനിക്കിരിപ്പിടം തന്നു
എന്റെ നന്ദി.
സിംഹാസനമാക്കി കൊത്തിപ്പണിതത് ഞാനാണ്
നിങ്ങൾക്കതിൽ തരിമ്പും പങ്കില്ല.
നിങ്ങളെന്നെ
ചെങ്കോലേൽപ്പിച്ചു,
ഞാനാണതിനെ താലോലിച്ച്
മിനുക്കിയെടുത്തു
നേർപ്പിച്ചു കനപ്പിച്ച്
ചാട്ടവാറിന്റെ ശീൽക്കാരത്തിലേക്ക്
നീട്ടി വീശിയത്!
കുളമ്പടിയൊച്ചകൾക്കു നിങ്ങൾ കാതോർക്കുവിൻ
വീണുവിങ്ങുന്ന താഡനങ്ങളുടെ വഴികളിൽ നിന്ന്
ആത്മസംരക്ഷണത്തിന്റെ കുറ്റിക്കാടുകളിൽ മറയുവിൻ.
എനിക്കു നേരെ ചൂണ്ടുവിരലരുത്
മുഷ്ടികൾ മടക്കി
വായുവിലെറിയരുത് –
അവയെ ബൂമറാംഗ്
ചെയ്യിക്കാൻ
പയറ്റിത്തെളിഞ്ഞതാണ്
എന്റെ
യാന്ത്രികച്ചുവടുകൾ, തടവുപരിചകൾ!
‘പ്യാരേ മിത്രോം’
എന്നു ഞാൻ
വാശിയോടെ നിങ്ങളെ
ആത്മനിർഭരതയുടെ വഴിയിൽ
നടത്തിമേയ്ക്കുന്നു
നിങ്ങളിന്ന്
കൃഷിഭൂമിയിൽ നിന്നും
തെരുവിലേക്കു വന്നു…
തുറന്ന തടവറയിലെ തണുപ്പു പുതച്ചുറങ്ങുന്നു…
അടച്ചുറപ്പുള്ള
സ്വയം നിർമ്മിത ശൈത്യത്തിൽ
എന്റെ സുഷുപ്തിയോ
സുഖദം! ശീതളം!
അവരെന്റെ
സ്വകാര്യ സുഹൃത്തുക്കളാണ്
അവർക്കുള്ളത് ഞാനും
എനിക്കുള്ളതവരും കണ്ടെത്തുന്ന
ഉപാധികളിൽ
എന്റെ കാഴ്ച മങ്ങുന്നതിൽ
നിങ്ങളില്ലാതാകും
അത് സാധാരണം!
മേരേ പ്യാരേ മിത്രങ്ങളായ
നിങ്ങൾ
എനിക്കു വഴിവെട്ടുക.
ഈ മണ്ണ്
അൽപാൽപ്പം
ഞാൻ തിന്നുതുടങ്ങും
മണ്ണുമാത്രമല്ല, വിണ്ണും !
ഒരു നാൾ വരും
നിങ്ങളോരോരുത്തനും
എൻ്റേതാകുന്ന സ്വപ്നം
ഞാനിന്നേ പണിയുകയാണ്.
എവിടെ,യെന്നാ,ർക്ക്
ജനിച്ചതെന്നറിയിക്കുക
പൗരത്വത്തിലൂടെ
ഭാരതമെന്ന തുറന്ന
തുറുങ്കിൽ
അവശിഷ്ടമാവുക.
ഞാനെൻ്റെ മനസ്സു തുറന്നു
ഇനി നിങ്ങൾക്ക് കണ്ണുകളും
കാതുകളും തുറക്കാം
മറിച്ചൊന്നും വേണ്ട.
ഒന്നും.