കാലമാം ബ്രഹ്മകമലത്തിൽന്നിന്നൂർന്നു
പിന്നെയും ഒരു വത്സരമൂഴിയിൽ
എത്ര പ്രതീക്ഷകൾ എത്ര സ്വപ്നങ്ങൾ
നീ തകർത്തതെത്ര മോഹങ്ങൾ
കുറ്റമോതുവാൻ ഞാനളല്ലയെങ്കിലും
കണ്ണുനീരുപ്പില്ലാതോർക്കുവാനോ?
വ്യാധിയായൊരു കൊച്ചു രോഗാണുവന്നു
ദുഃഖം വിതച്ചതും നിന്മേനിയിലല്ലയോ?
പ്രിയരെയെത്ര പറയാതെടുത്തവൻ
ജീവിതത്തിൽ താളഭംഗം വരുത്തുന്നു
അത്താഴമേശയിൽ നിത്യം കാണുവോർ
പെട്ടന്നങ്ങിനെ പോകുവതിൻ ദുഃഖം
പറഞ്ഞുകരഞ്ഞു മന:ശാന്തി നേടുവാൻ
അരികിലാരും ഇല്ലാത്ത വേദന
ഇല്ല നിർത്തിയിട്ടില്ല ഭൂമിയിൽ, ആതങ്ക-
താണ്ഡവമിന്നും തുടരുന്നു
ഒരുദലത്തിനു പുഴുക്കുത്തിതേറ്റാൽ, തൊട്ടദലവും കാന്തി മങ്ങുകില്ലേ?
വിണ്ണിലർക്കൻ വന്നു വിളക്കു വച്ചിട്ടിന്നീ-
വർഷം തുടങ്ങുന്ന മാത്രയിൽ
വത്സരത്തിൻ ആദ്യ വാസരത്തിൽ എന്തു
ചൊല്ലി ഞാൻ ആശംസനേരേണ്ടു
ഒന്നുമെക്കാലവും ശാശ്വതമല്ലെന്ന ഗീതാ-
തത്ത്വം ചൊല്ലി വേണമോ
ഈ കാലവും കടന്നുപോംമെന്നെ കവി
ഭാവന കടംകൊണ്ടു വേണമോ
നല്ലൊരു നാളെയെ സ്വപ്നം കാണുവാൻ
നമ്മളിൽ നവപ്രതീക്ഷയേറ്റുവാൻ
അവരോഹണമെല്ലാം ആരോഹണത്തിന്റെ
ഭംഗിയുള്ള തുടക്കങ്ങളാണത്രേ
സമയം അനുസ്യൂതം പൊഴിയും ,പിന്നെയും
നല്ല ദിനങ്ങൾ വരുമതു നിശ്ചയം
ആശ തീർത്തും കൈവിടാതെ നമുക്കാ നല്ല-
ദിനങ്ങൾക്കായ് പ്രതീക്ഷിച്ചിരുന്നിടാം!