പിണറായിക്ക് അധികാരക്കൊതി തീർന്നിട്ടില്ല; വെൽഫെയർ പാർട്ടി
Pinarayi's ambition for power is not over; Welfare Party
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് വെൽഫെയർ പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നി വില ചെറുതായിരിക്കില്ല, താങ്കളുടെ പാർട്ടിയും വലിയ വില കൊടുക്കേണ്ടിവരും. ഹമീദ് പറയുന്നു.
“മുഖ്യമന്ത്രി പദമാണ് താങ്കൾക്ക് വലുതെന്നറിയാം. തീ കൊളളി കൊണ്ടുള്ള ഈ തല ചൊറിച്ചിൽ സിപിഎമ്മിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. അഹ്‌മദ് പട്ടേൽ മുഖ്യമന്ത്രിയാകുന്നു എന്ന് വിളിച്ചു കൂവി മുസ്ലിം പേടി വിതച്ചത് സംഘപരിവാറായിരുന്നു. യുഡിഎഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്‌ലിം ഭീതി പരത്തിയത് സഖാവ് കോടിയേരിയും ഇപ്പോൾ “മുസ്‌ലിം” ലീഗ് യുഡിഎഫിനെ നയിക്കുന്നു എന്ന മുസ്‌ലിം ഭീതി ഉയർത്തുന്നത് പിണറായിയും.”
“എ വിജയരാഘവനും കാനം രാജേന്ദ്രനും മുന്നണിയെ നയിക്കാം, അവർ ഹിന്ദുക്കളാണ്. ഹസനും കുഞ്ഞാലികുട്ടിക്കും അത് പാടില്ല അവർ മുസ്ലിംകളാണ്. ഇത് തന്നെയല്ലെ സഖാവേ വർഗീയത? സിപിഎമ്മും ആർഎസ്എസും തമ്മിലെന്ത് എന്ന് ചോദിക്കാതിരിക്കാൻ മതേതര കേരളം ജാഗ്രത പുലർത്തുമ്പോഴും വിതക്കപ്പെട്ട മുസ്‌ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സിപിഎം. പിണറായിക്ക് അധികാരക്കൊതി തീർന്നിട്ടില്ല. കേരളം നശിച്ചാലെന്ത്? പാർട്ടി തകർന്നാലെന്ത്? കിട്ടണം മുഖ്യമന്തിക്ക് ഒരു ഊഴം കൂടി.” ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ, “ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?”
“ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിൻ്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിൻ്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.”
“നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക.”