ജനകീയാസൂത്രണം @ വി. തങ്കമ്മ; പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ്
People's Planning @ V. Thankamma; Panjal Panchayat President
രാജ്യത്തിന്റെ പുരോഗതി താഴെ തട്ടിലേക്ക് എത്തിക്കുന്ന തികച്ചും ജനോപകാരപ്രദമയ ഒരു പദ്ധതിയായി മാറി, 1996 ആഗസ്ത് 17 ന് മലയാളികളുടെ പുതുവർഷ പിറവിയായ ചിങ്ങം ഒന്നിന് കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുവാനും അവ പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള അധികാരം കൈമാറുന്ന ആസൂത്രണ പദ്ധതിയാണ് ജനകീയാസൂത്രണം. സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചിലവിനായി മാറ്റി വെക്കുവാൻ തുടങ്ങിയപ്പോൾ, അധികാരം ജനങ്ങളിലേക്ക് എന്ന സമ്പൂർണ്ണ ജനാധിപത്യം കൈവരിക്കുവാൻ സാധിച്ചു.
ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലുക്കില്ലള്ള പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മയുടെ രണ്ടാമൂഴം ശ്രദ്ധേയമാകുന്നു. പഞ്ചായത്ത് നഗരസഭ കോർപറേഷൻ എന്നിവയെല്ലാം യഥാർഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും, അവയെ പ്രാദേശിക സർക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു വിപ്ലവമായി അധികാര വികേന്ദ്രീകരണം. ഇതിനെ ആസ്പദമാക്കി മുൻ ധനകാര്യ മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്കും, റിച്ചാർഡ് ഡബ്ല്യു ഫ്രാങ്കിയും ചേർന്നെഴുതിയ പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പാഞ്ഞാൾ പഞ്ചായത്തും പ്രസിഡന്റ് വി. തങ്കമ്മയും.
നൂൽപ്പ് കേന്ദ്രവും തൈയലുമായി ജീവിതം നയിച്ചു വന്നിരുന്ന പൈങ്കുളം തോപ്പിൽ തങ്കമ്മ, എട്ടാം പഞ്ചവൽസര പദ്ധതിയുടെ അസാനത്തിൽ 1995 ലാണ്, പാർട്ടി തീരുമാനപ്രകാരം പാഞ്ഞാൾ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്ന്, ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച് വരുന്നത്. പത്ത് അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിലെ ഇടത് പക്ഷത്തിന്റെ നാലംഗങ്ങളിൽ ഒരാളായ തങ്കമ്മ, ഐക്യ ജനാധിപത്യ മുന്നണിയിൽ ജയിച്ചു വന്ന ആറ് അംഗങ്ങളിൽ, രണ്ട് അംഗങ്ങളുടെ പിൻന്തുണയോടെ സ്ത്രീ സംവരണമായ അദ്ധ്യക്ഷയായി, പാഞ്ഞാൾ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് ഭരണ വാഴ്ചയുടെ തേരാളിയായി.
ചർക്കകളുടെ സംഗീതമില്ലാത്ത ലോകത്ത് മത്സരിക്കുവാൻ താത്പര്യമില്ലാത്ത തങ്കമ്മയെ പാർട്ടി മത്സരിപ്പിച്ച് കൊണ്ടിരുന്നപ്പോൾ, 2001 മുതൽ 2004 വരെ പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സണായി. 2005 മുതൽ 2010 വരെ പഴയന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷയായി, 2011 – 2014 കാലഘട്ടത്തിൽ വീണ്ടും പാഞ്ഞൾ പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സണായി. 2015 ൽ പഴയന്നൂർ ബ്ലോക്കിലേക്ക് വീണ്ടും മത്സരിച്ചപ്പോൾ 2020 വരെ ബ്ലോക്ക് പ്രസിഡന്റായി. ജനാധിപത്യത്തിന്റെ പൊൻ തൂവലായ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ കാൽ നൂറ്റാണ്ടായി, ജനസേവനത്തിലെ സ്ത്രീ ശബ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ