ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു: വിഎസ് അച്യുതാനനന്ദൻ
People have written the verdict that the Left is right: VS Achuthanandan

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഭരണത്തുടർച്ച ഉറപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്‍റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു’ വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.
വിഎസ് അച്യുതാനന്ദന്‍റെ മണ്ഡലമായ മലമ്പുഴയിൽ സിപിഎം സ്ഥാനാർഥി എ പ്രഭാകരനാണ് ലീഡ് ചെയ്യുന്നത്. 2001 മുതൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് വിഎസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73,299 വോട്ടുകൾ നേടിയായിരുന്നു അദ്ദേഹത്തിൻ്റെ വിജയം. ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാർ 46,157 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വിഎസ് ജോയിക്ക് 35,333 വോട്ടുകൾ മാത്രമാണ് നേടാനായത്