Kerala

സംസ്ഥാനത്ത് കൊവിഡ് ആശുപത്രികളില്‍ ഇനിമുതൽ രോഗികള്‍ക്ക് കൂട്ടിരിക്കാം; ആരോഗ്യമന്ത്രി

Patients may no longer be admitted to Covid hospitals in the state; Minister of Health

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാനാണ് നിർദേശം. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും അവർ അറിയിച്ചു.

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കൊവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയ ശേഷമാകും കൂട്ടിരിപ്പുകാരെ അനുവദിക്കുക. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണമെന്ന നിർദേശവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. കൂട്ടിരിക്കുന്നയാൾ നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവരാകണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുമെന്നും, അവർ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് സർക്കാർ നിർദേശം വരുന്നത്. അതേസമയം കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകിയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button