ഓക്‌സ്‌ഫഡ് വാക്‌സിൻ; വില പ്രഖ്യാപനവുമായി കമ്പനി
Oxford vaccine; Company with price announcement
ന്യൂഡൽഹി: ഓക്‌സ്‌ഫഡ് വാക്‌സിൻ്റെ ഒരു ഡോസ് 250 രൂപയ്‌ക്ക് ലഭ്യമാക്കുമെന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. കമ്പനി നിർമ്മിക്കുന്ന കൊവിഡ് വാക്‌സിൻ്റെ 50 ശതമാനവും ഇന്ത്യയിൽ വിറ്റഴിക്കുമെന്നും ബാക്കിയുള്ളവ മാത്രമാകും മറ്റ് രാജ്യങ്ങൾക്കായി വിതരണം ചെയ്യുകയെന്നും സിറം ഇൻസ്റ്റിറ്റ്യട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കി.
ബ്രിട്ടിഷ് – സ്വീഡിഷ് കമ്പനിയായ അസ്‌ട്രാസെനക്കയ്‌ക്ക് വേണ്ടി ഓക്‌സ്‌ഫർഡ് സർവകലാശാല വികസിപ്പിച്ചത് ‘കൊവിഷീൽഡ്’ എന്ന വാക്‌സിനാണ്. 2021 ഏപ്രിലിൽ പൊതുജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് ഫെബ്രുവരിയിൽ 10 കോടി ഡോസ് നിർമ്മിക്കാൻ ധാരണയായതായും പുനെവാല നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കൊവിഡ് വാക്‌സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമുണ്ടാകും. കൊവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഭാരത് ബയോടെകിന്‍റെ കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞദിവസമാണ് ഭാരത് ബയോടെക് അപേക്ഷ സമര്‍പ്പിച്ചത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിനാണ് കൊവാക്സിന്‍. ഐസിഎംആറുമായി ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിക്കുന്നത്. നിലവിൽ ഈ വാക്സിൻ പരീക്ഷണം മൂന്നാംഘട്ടത്തിലാണ്.