Kerala

‘അന്ന് ഒരു മനോഹാരിതയ്ക്കു വേണ്ടി തുറന്നതാ, പിന്നെ നിർത്തേണ്ടിവന്നില്ല’; റോഷി അഗസ്റ്റിൻ

'Opened for a charm that day, never had to stop'; Roshi Augustine

കൊച്ചി: ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്റെ ഭാഗമായാണ് ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ നിന്നും ചെറുതോണിയിലേക്ക് കുറച്ച് വെള്ളം ഒഴുക്കുന്നുണ്ട്. ഡാമിന് കപ്പാസിറ്റി ഉണ്ടെങ്കിലും പെട്ടെന്ന് കൂടുതൽ ജലം ഒഴുക്കിവിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ ഡാം തുറന്നതെന്ന് മന്ത്രി പറഞ്ഞു.

ജലനിരപ്പ് റൂൾകർവ് പരിധി മറികടന്നതോടെയാണ് ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ തുറന്നത്. ഒരു ഷട്ടർ അൻപത് സെന്റീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2018ലെ ഡാം മാനേജ്മെന്റ് വലിയ പാഠമാണെന്ന് മന്ത്രി പറഞ്ഞു.

അൻപതിനായിരം ലിറ്റർ വെള്ളം മാത്രമേ സെക്കന്റിൽ പുറത്തുവരുന്നുള്ളൂ. വളരെ കുറച്ച് വെള്ളം മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് സഹായകരമാകും. നിലവിൽ റൂൾ കർവിനേക്കാൾ കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ ആശങ്കയ്ക്ക് ഇടനൽകുന്ന കാര്യങ്ങളൊന്നുമില്ല.

2018ലെ സ്ഥിതി ഗുരുതരമായിരുന്നു. 20 ലക്ഷം ലിറ്റർ വരെ സെക്കന്റിൽ പുറത്തുവിട്ടു. വെള്ളം ഒഴുക്കുമ്പോൾ വലിയ പ്രശ്നം ഉണ്ടാകുമെന്ന് കരുതിയെങ്കിലും താഴേക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അന്ന് സ്വീകരിച്ച സുരക്ഷാ മുൻകരുതലുകൾ ഇപ്പോഴും പാലിക്കുന്നുണ്ട്.

അന്ന് മണിയാശാനാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ഇടുക്കി ഡാമിൽ നിന്നും വെള്ളം ഒഴുക്കിയതിന്റെ ഭാഗമായി ഒരു ജന്തുജാലത്തിനു പോലും ജീവൻ നഷ്ടമായില്ല. അന്ന് ഒരു മനോഹാരിതയ്ക്കു വേണ്ടി തുറന്നതാണ്. പിന്നെ അടയ്ക്കേണ്ടി വന്നില്ലെന്നും റോഷി അഗസ്റ്റിൻ തമാശ രൂപേണ പറഞ്ഞു. ഇപ്പോൾ ഡാമിൽ 76 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇനിയും ഇരുപത് ശതമാനം വെള്ളംകൂടി ഉൾക്കൊള്ളാനുള്ള സ്ഥലം ഡാമിലുണ്ട്. പക്ഷേ അത് കണക്കാക്കാതെയാണ് ഇപ്പോൾ ഡാം തുറന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button