ആപ്പ് ഡൗൺലോഡ് ചെയ്യാനായി വാട്ട്‌സ്ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്തു, നഷ്ടപ്പെട്ടത് 5.2 കോടി രൂപ
Online Scam Whatsapp Scam Malayalam News
Online Scam Whatsapp Scam Malayalam News
Bengaluru: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. സൈബർ തട്ടിപ്പുകൾ തടയാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്ന സാഹചര്യത്തിലും തട്ടിപ്പിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് തട്ടിപ്പ് വീരന്മാര്‍.
ഇന്ന് സ്റ്റോക്ക് മാർക്കറ്റ് ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം ഉണ്ടാക്കുന്ന ഒരു മേഖലയായി തീര്‍ന്നിട്ടുണ്ട്. അധ്വാനം കൂടാതെ, എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായതിനാല്‍ പലര്‍ക്കും സ്റ്റോക്ക് മാർക്കറ്റിനോട് താത്പര്യം ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആളുകള്‍ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.
അതേസമയം, സ്റ്റോക്ക് മാർക്കറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പിലെ ലിങ്ക് ക്ലിക്ക് ചെയ്ത വ്യക്തിക്ക് കോടിക്കണക്കിന് രൂപ നഷ്‌ടമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തട്ടിപ്പിനിരയായ ബംഗളൂരു സ്വദേശിക്ക് 5.2 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്. ഐടി ആക്ട് പ്രകാരം എഫ്ഐആർ ഫയൽ ചെയ്ത പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
ഇൻസ്റ്റാഗ്രാം പരസ്യത്തിലൂടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് സ്കീമിലേക്ക് വശീകരിച്ച് പൂനെ നിവാസിയായ യുവതിയില്‍ നിന്നും 3 കോടി രൂപ കബളിപ്പിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
അതേസമയം, ഓൺലൈൻ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്ര സർക്കാർ പരിഹാരം ആസൂത്രണം ചെയ്യുകയാണ്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന് കീഴിൽ ആഭ്യന്തര മന്ത്രാലയം സൈബർ തട്ടിപ്പ് ലഘൂകരണ കേന്ദ്രം സ്ഥാപിച്ചേക്കുമെന്ന് ഒരു റിപ്പോർട്ട് പറയുന്നു, അത് സൈബർ തട്ടിപ്പുകൾ തത്സമയം കൈകാര്യം ചെയ്യുകയും ഇരകൾക്ക് ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം തടയുകയും ചെയ്യും.