മലയാളികളുടെ മനസ്സിൽ ഗതകാല സ്മൃതികൾ ഉണർത്തി ഒരു ഓണക്കാലം കൂടി വന്നിരിക്കുന്നു. ഓണ പൂക്കളുടെ സുഗന്ധവും ഓണ പാട്ടിന്റെ ഈണവും ഓണ ഊഞ്ഞാലിന്റെ താളവും ഓണ സദ്യയുടെ രുചിയും നിറഞ്ഞ ഗൃഹാതുര സ്മരണകളാണ് ഓണം. നമ്മുടെ ദേശീയ ഉത്സവമാണ് ഓണം. മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ജാതി മത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.
പഞ്ഞമാസം കടന്ന് സസ്യങ്ങൾ പുഷ്പ്പിക്കുന്ന ചിങ്ങമാസത്തിലെ ഓണം ഓരോ മലയാളിയുടെയും ഹൃദയത്തിൽ ആരവങ്ങൾ ഉയർത്തുന്ന സമയമാണ്. കഴിഞ്ഞ രണ്ട് വർഷവും പെരുമഴക്കും പ്രളയത്തിനും ഇടയിലൂടെയാണ് ചിങ്ങം കടന്ന് പോയത്. ഈ വർഷം കോറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലുമാണ് മാനുഷ്യരെല്ലാരും. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേശവുമാണ് കേരളീയന് ഈ വർഷത്തെ ഓണക്കാലം.
അത്തം നാൾ മുതൽ തിരുവോണ ദിവസം വരെ നമ്മൾ ഒരുക്കുന്ന പൂക്കളമാണ് ഓണാഘോഷത്തിന്റെ മുഖഛായ. മലയാളിയുടെ മുറ്റത്ത് പൂക്കളം വിരിയണം എങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളെത്തണം. പൂക്കുടയുമായി നാടൻ പൂക്കൾ തേടി തൊടിയിൽ കറങ്ങുന്ന ഓണക്കാലം ഓർമ്മയിൽ മാത്രമാണ് ഇന്നിപ്പോൾ. കേരളീയർക്ക് പൂക്കളം ഒരുക്കുവാനുള്ള ജമന്തിയും ചെണ്ടുമല്ലിയും മറ്റുമെല്ലാം തമിഴ് നാട്ടിലെ പാടങ്ങളിൽ വിരിയുമ്പോഴാണ് നമ്മുടെ ഓണത്തിന് നിറം വരുന്നത്.
പണ്ട് ഒരോരുത്തരുടെയും വീടുകളിലെ തൊടികളിൽ നിന്നും തൊട്ടപ്പുറത്തെ പറമ്പിലും കൃഷിയിടങ്ങളിലും നിന്നുമെല്ലാം ധാരാളം പൂക്കൾ ലഭ്യമായിരുന്നു. ചിങ്ങം പിറന്നാൽ തെച്ചി മന്ദാരം തുളസി പിച്ചകം തുമ്പ കാക്കപൂവ് മുക്കുറ്റി കോളാമ്പി അരളി നന്ദ്യാർവട്ടം ക്യഷ്ണകിരീടം ചെമ്പരത്തി ശംഖുപുഷ്പം രാജമല്ലി ചെണ്ടുമല്ലി കാശിതുമ്പ തുടങ്ങിയ ഓണപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച്ച മലയാള നാടിന്റെ മനോഹരിത തന്നെയായിരുന്നു. നാട്ട്പൂക്കൾ ശേഖരിച്ച് പൂക്കളം തീർത്ത ബാല്യകാലം ഇന്നത്തെ തലമുറക്ക് മുതിർന്നവർ പറഞ്ഞ് കേൾക്കുന്ന പഴങ്കഥയായി മാറിയിരിക്കുന്നു.
കള്ളവുമില്ല ചതിയുമില്ല മാനുഷ്യരെല്ലാരും ഒരുപോലെ എന്ന കവി വചനം പഴയകാലത്ത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെങ്കിൽ ഇന്നതെല്ലാം ഒരോർമ്മപെടുത്തലായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണമുണ്ണണം എന്ന വാമൊഴിയിൽ നിന്നെല്ലാം കേരളനാട് ഇന്ന് ഒരുപാട് മുന്നേറി എന്നതാണ് ഓണത്തിന്റെ മറ്റൊരു സവിശേഷത. കേരളത്തേക്കാള്‍ കൂടുതല്‍ ഓണാഘോഷം ഇന്ന് കൊണ്ടാടുന്നത് പ്രവാസി മലയാളികള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട് എങ്കിലും, ഓണം എന്ന പൈതൃകത്തെ നിലനിർത്തുവാൻ ഇവിടത്തെ പുതിയ തലമുറ രംഗത്തത്ത് വരുന്നത് പ്രതീക്ഷയുടെ പൊൻപുലരികൾ വിരിയിക്കുന്നു.
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ
മോഡൽ – അഞ്ജലി രമേശ്
