കേരളത്തിൽ ഓണക്കാല ഇളവുകള്‍ ഇന്ന് മുതല്‍; എന്തെല്ലാമാണെന്നറിയാം.!
Onam exemptions in Kerala from today
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഇന്ന് മുതല്‍ സെപ്തംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പൊതുഗതാഗതം ആകാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിവിധ ഡിപ്പോകളില്‍ നിന്ന് പൊതുഗതാഗതം നടത്താം. ചെന്നൈ, ബെംഗ്‌ളൂരു എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ നടത്താം. വിവിധ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ വ്യാപാര ശാലകള്‍ക്ക് രാവിലെ 7 മണിമുതല്‍ 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. സ്ഥാപനത്തിന്റ വലുപ്പത്തിനനുസരിച്ചാണ് കടയുടെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം നിശ്ചയിക്കേണ്ടത്. ഇത് സംബന്ധിച്ച് ഒരു വലിയ ബോര്‍ഡ് കടയുടെ മുന്‍വശത്ത് സ്ഥാപിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ കടയില്‍ ചെലവഴിക്കാന്‍ പാടില്ല. എല്ലാല്‍ ഈ ഇളവുകളൊന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ ബാധകമല്ല.
പൊതുഗതാഗതത്തിനും കടകള്‍ക്ക് അനുവദിച്ച ഇളവിനും പുറമേ ഭക്ഷണശാലകള്‍ക്കും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കൃത്യമായ സാമൂഹിക അകലം ഉറപ്പാക്കി കൊണ്ട് ഭക്ഷണ ശാലകള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഓണസദ്യകള്‍ക്ക് ആള്‍കൂട്ടം പാടില്ല. ഹോട്ടലുകളില്‍ മുറികള്‍ അനുവദിക്കുമ്പോള്‍ താമസക്കാര്‍ ഒഴിയുന്നതിനനുസരിച്ച് മുറികള്‍ അണുവിമുക്തമാക്കണം. ഇതിനൊടൊപ്പം ജീവനക്കാര്‍ നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണം.
ഉത്രാടദിനത്തില്‍ ഓണക്കിറ്റ് വിതരണത്തിനായി റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. തിരുവോണ ദിനത്തില്‍ റേഷന്‍കടക്ക് പൊതു അവധി ആയതിനാല്‍ എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാര്‍ക്ക് ആഗസ്റ്റ് 30 നും കിറ്റ് വാങ്ങിക്കാം.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ്. ഇന്ന് മുതല്‍ പുതുക്കിയ സമയം നിലവില്‍ വരും. എന്നാല്‍ ബാര്‍ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റമില്ല. രാവിലെ 9 മുതല്‍ 5 വരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. കള്ള് ഷാപ്പുകള്‍ക്ക് രാവിലെ 8 മണി മുതല്‍ 7 മണിവരെ പ്രവര്‍ത്തിക്കാം.
ബവ്ക്യൂ ആപ്പില്‍ ഒരിക്കല്‍ ബുക്ക് ചെയ്താല്‍ 3 ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാനാവു എന്ന വ്യവസ്ഥ നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. ബുക്ക് ചെയ്താല്‍ ഇപ്പോള്‍ തന്നെ മദ്യം വാങ്ങാം. ഇനിമുതല്‍ 400 ന് പകരം 600 ടോക്കണുകള്‍ അനുവദിക്കും.