ഓമനക്കുട്ടന് അഭിമാനിക്കാം; എംബിബിഎസ് അഡ്‌മിഷൻ നേടി മകൾ സുഹൃതി
Omanakuttan can be proud; Daughter Suhruthi gets MBBS admission
കോട്ടയം: സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തിയ പ്രളയകാലത്ത് വലതുപക്ഷ മാധ്യമങ്ങളുടെ വിചാരണ നേരിടേണ്ടി വന്ന വ്യക്തിയാണ് സിപിഎം നേതാവ് ഓമനക്കുട്ടൻ. ദുരിതാശ്വാസ ക്യാമ്പിൽ അരിയെത്തിക്കാൻ ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്നായിരുന്നു ആരോപണം.
ക്യാമ്പിന് പുറത്ത് നിന്നുള്ള ഒരു വ്യക്തി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട മാധ്യമ വിചാരണയ്‌ക്കൊടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞതോടെ ചില മാധ്യമങ്ങൾ വാർത്ത തിരുത്തിയെങ്കിലും മറ്റ് മാധ്യമങ്ങൾ വാർത്ത പിൻവലിക്കാൻ തയ്യാറായില്ല.
ക്യാമ്പിലേക്ക് ഓട്ടോയിൽ ഭക്ഷണം എത്തിച്ചതിനെ തുടർന്ന് ഓട്ടോക്കൂലി കൊടുക്കാനുള്ള പണം തികയാതെ വന്നതോടെ ക്യാമ്പിലെ അംഗങ്ങളിൽ നിന്ന് പണം പിരിച്ച് ഓട്ടോയ്ക്കുള്ള ചാർജ് നൽകുകയായിരുന്നു ഓമനക്കുട്ടൻ. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ മാധ്യമങ്ങൾ വാർത്തയക്കിയത്. സിപിഎം പ്രവർത്തകനായ ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരുവ് നടത്തിയെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. സത്യാവസ്ഥ പുറത്തുവന്നെങ്കിലും അത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ മടി കാണിക്കുകയും ചെയ്‌തു.
മാധ്യമ വിചാരണയുടെ ക്രൂരത അനുഭവിച്ചിട്ടും തളരാതിരുന്ന ഓമനക്കുട്ടൻ കൊവിഡ്-19 നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്ന സമയത്ത് സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറി ജനകീയ അടുക്കളയിലേക്ക് സംഭാവന നൽകിയിരുന്നു.
മാധ്യമങ്ങൾ വേട്ടയാടിയ ഓമനക്കുട്ടനെയും കുടുംബത്തെയും തേടി ഇപ്പോഴിതാ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഓമനക്കുട്ടന്റെ മകള്‍ സുഹൃതി കൊല്ലം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ നേടിയെന്നാണ് വാര്‍ത്ത. ഓമനക്കുട്ടന്റെ ബന്ധുവായ അനീഷ് വിബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഓമനക്കുട്ടൻ്റെ കുടുംബത്തിന് ലഭിച്ച സന്തോഷവാർത്ത.