ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാറും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ടി രാമറാവുവിന്റെ ഇളയമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 57 കാരിയായ ഉമാ മഹേശ്വരിയെയാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മകളും മരുമകനും വിളിച്ചിട്ട് അനക്കമില്ലാതെ വന്നതോടെ വാതിൽ പൊളിച്ചപ്പോഴാണ് ഉമാ മഹേശ്വരി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തെലുങ്കു ദേശം പാർട്ടിയുടെ സ്ഥാപകൻ കൂടിയായ എൻ ടി രാമറാവുവിൻ്റെ 12 മക്കളിൽ ഇളയ ആളാണ് ഉമാ മഹേശ്വരി. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഡി പുരന്ദേശ്വരി, നാര ഭുവനേശ്വരി, തെലുങ്കു ദേശം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എ ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ എന്നിവർ സഹോദരിമാരാണ്. ചന്ദ്രബാബു നായിഡു, മകൻ നാര ലോകേഷ് അടക്കമുള്ള ബന്ധുക്കൾ വസതിയിൽ എത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പമായിരുന്നു ഉമാ മഹേശ്വരിയുടെ താമസം.
അതേസമയം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സിആർപിസി സെക്ഷൻ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. 1982 ലാണ് എൻ ടി രാമറാവു തെലുങ്കു ദേശം പാർട്ടി രൂപീകരിച്ചത്. 1995 ൽ മരുമകൻ ചന്ദ്രബാബു നായിഡുവിന് സ്ഥാനം നൽകി രാമറാവു രാഷ്ട്രീയരംഗം വിട്ടു. 1996 ജനുവരി 18 നാണ് അന്ത്യം.