പടയപ്പ മാത്രമല്ല; മൂന്നാറിലെ തോട്ടം മേഖലയ്ക്ക് വെല്ലുവിളിയായി മറ്റൊരു കാട്ടാന കൂടി
Not only padayappa; Another wild animal has become a challenge for the plantation sector in Munnar

ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയില്‍ പടയപ്പയെന്ന കാട്ടാനക്കൊപ്പം മറ്റൊരു കാട്ടാനയും കാടിറങ്ങുന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നു. പകല്‍ നേരങ്ങളിൽ പോലും തോട്ടങ്ങളില്‍ ഭയപ്പെടാതെ ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ കാട്ടാന എത്തുമ്പോഴും വനപാലകര്‍ ഒന്നും ചെയ്യാന്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ ദിവസം സെവന്‍മല ഓള്‍ഡ് ഡിവിഷനില്‍ കൊളുന്തെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇടയിലൂടെ കാട്ടാന എത്തിയതോടെ ഭയന്നോടി നിരവധി പേര്‍ക്കത് പരിക്കേറ്റിരുന്നു.
പൊക്കം കൊണ്ടും കൊമ്പിന്റെ നീളം കൊണ്ടും ഏവരെയും ആകർഷിക്കുന്ന പടയപ്പയെന്ന കാട്ടാന തൊഴിലാളികള്‍ക്ക് സുപരിചിതനാണ്. തോട്ടങ്ങളിലെ റേഷന്‍ കടകള്‍ കൃത്യമായി മനസിലാക്കി ഭക്ഷണം കഴിച്ച് മടങ്ങുന്ന പടയപ്പ നാളിതു വരെ മനുഷ്യരെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിചിതമല്ലാത്ത മറ്റൊരു കാട്ടാന എസ്റ്റേറ്റ് മേഖലയില്‍ എത്തി തൊഴിലാളികളെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ ദിവസം സെവന്‍മല എസ്റ്റേറ്റിലെ ഓള്‍ഡ് ഡിവിഷനില്‍ കൊളുന്തെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാട്ടാന എത്തിയതോടെ തൊഴിലാളികള്‍ ഭയപ്പാടിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം എസ്റ്റേറ്റ് ലയന്‍സുകളില്‍ എത്തിയ കാട്ടാന ബുധനാഴ്ച രാവിലെയോടെയാണ് തോട്ടങ്ങളില്‍ എത്തിയത്. രാത്രി മുഴുവന്‍ പുറത്തിറങ്ങാന്‍ കഴിയാതെ തൊഴിലാളികള്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വന്നു. പടയപ്പയെന്ന കാട്ടാനയെ ഭയമില്ലെങ്കിലും പുതിയതായി എത്തിയ കാട്ടാനയെ ഏറെ ഭയത്തോടെയാണ് തൊഴിലാളികള്‍ കാണുന്നത്. സംഭവത്തില്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.