World

ഒരു വാക്സിനും ഇതുവരെ കൊവിഡ് 19തിനെതിരെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല; ലോകാരോഗ്യസംഘടന

No vaccine has yet been shown to be effective against Kovid 19; World Health Organization

ജനീവ: അടുത്ത വര്‍ഷം പകുതിയോടെയല്ലാതെ കൊവിഡ് 19 പ്രതിരോധ വാക്സിൻ വ്യാപകമയി വിതരണം ചെയ്യപ്പെടില്ലെന്ന് ലോകാരോഗ്യസംഘടന. ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു വാക്സിനും കൊവിഡ് 19നെതിരെ പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും ലോകാരോഗ്യസംഘടനാവക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.

വാക്സിന്റെ ക്ഷമതയും സുരക്ഷിതത്വവും കണിശമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്ന 50 ശതമാനം ഫലപ്രാപ്തി തെളിയിക്കാൻ ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നിട്ടു നിൽക്കുന്ന ഒരു വാക്സിനുമായിട്ടില്ലെന്നാണ് സംഘടനാ വക്താവിന്റെ വാക്കുകള്‍.

റഷ്യ വികസിപ്പിച്ച കൊവിഡ്-19 വാക്സിൻ രണ്ട് മാസത്തെ ക്ലിനിക്കൽ പരീക്ഷണത്തിനു ശേഷം വിതരണം ചെയ്യാൻ തുടങ്ങുന്ന സാഹചര്യത്തിലായിരുന്നു ആഗോള ആരോഗ്യ ഏജൻസിയായ ലോകാരോഗ്യസംഘടനയുടെ വാര്‍ത്താ സമ്മേളനം. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുൻപ് ഒക്ടോബര്‍ മൂന്നോടു കൂടി യുഎസിൽ കൊവിഡ് 19 പ്രതിരോധ വാക്സിൻ വിതരണം ചെയ്യുമെന്ന് യുഎസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസര്‍ കമ്പനിയും വ്യക്തമാക്കിയിരുന്നു. എന്നാൽ “അടുത്ത വര്‍ഷം പകുതിയോടെയല്ലാതെ വാക്സിന്റെ വ്യാപകമായ വിതരണം നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല” എന്നായിരുന്നു മാര്‍ഗരറ്റ് ഹാരിസിന്റെ വിശദീകരണം.

“വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്നും എത്രത്തോളം ഫലപ്രദമാണെന്നും നമുക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ട് വിപുലമായ തോതിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തണം.” അവര്‍ വ്യക്തമാക്കി. ഏതെങ്കിലും വാക്സിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജനീവയിൽ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനം.”പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങള്‍ പങ്കുവെക്കുകയും താരതമ്യം ചെയ്യുകയും ചെയ്യണം. ധാരാളം പേരെ ഇതിനോടകം വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വാക്സിൻ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഈ ഘട്ടത്തിൽ ആവശ്യമായ ഫലപ്രാപ്തിയും സുരക്ഷയും വാക്സിനുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ സൂചനയില്ല.” അവര്‍ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യസംഘടനയും ആഗോള വാക്സിൻ വിതരണ ഏജൻസിയായ ഗവിയും ചേര്‍ന്ന് ആഗോള തലത്തിൽ വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും ഏറ്റവുമധികം വൈറസ് ഭീഷണി നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യ ഡോസ് വാക്സിൻ നല്‍കുകയെന്നുമാണ് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button