India

പെർമിറ്റ് വേണ്ട, ഏതു റൂട്ടിലും സ്വകാര്യ ബസ് ഓടിക്കാം: ഉത്തരവുമായി കേന്ദ്രസർക്കാർ

No permit, private bus can run on any route: Central Government with order

തിരുവനന്തപുരം: പെര്‍മിറ്റ് സംവിധാനമില്ലാതെ രാജ്യത്തെ ഏതു റൂട്ടിലും സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതിയുമായി കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ ഉത്തരവ്. ഓൺലൈനായി ടിക്കറ്റ് നല്‍കാനും ഏതു അന്തര്‍സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ ഏതു റൂട്ടിലും ബസുകള്‍ ഓടിക്കാനുമാണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉത്തരവിറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ ടാക്സി സര്‍വീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനൊപ്പമാണ് വൻകിട സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സഹായകമാകുന്ന ഉത്തരവും കേന്ദ്രം പുറത്തിറക്കിയത്. ഓൺലൈൻ വഴിയിൽ വാടക ഈടാക്കി ഏതു തരം വാഹനങ്ങളും ഓടിക്കാൻ സാധിക്കും. അഗ്രഗേറ്റര്‍ ലൈസൻസ് സമ്പാദിക്കുന്നവര്‍ക്കാണ് ഇതിന് അനുമതി ലഭിക്കുക. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ബസ് ട്രാൻസ്പോര്‍ട്ട് ഏജൻസികളുടെ കുത്തക തകര്‍ക്കുന്ന തീരുമാനമാണിത്.

പുതിയ നിയമം അനുസരിച്ച് അഗ്രഗേറ്റര്‍ ലൈസൻസ് എടുക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് ഏതു റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നത്. നിലവിൽ നിയമത്തിൻ്റെ പിൻബലമില്ലാതെ മൊബൈൽ ആപ്പുകളും ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇനി നിയമവിധേയമായി സര്‍വീസ് നടത്താൻ സാധിക്കും. എന്നാൽ ഇതിനായി ഇവര്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അഞ്ച് ലക്ഷം രൂപ ഫീസടച്ച് ലൈസൻസ് നേടേണ്ടി വരും. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രശ്നമുണ്ടെന്നു കണ്ടാൽ ലൈസൻസ് റദ്ദാക്കാനും സര്‍ക്കാരിന് സാധിക്കും.

ബസ് ഓപ്പറേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത യോഗ്യതകളും ശുപാര്‍ശ ചെയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന ക്ലാസുകള്‍, ഇൻഷ്വറൻസ്, ആരോഗ്യ പരിശോധന തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ ബസ് റൂട്ട് പെര്‍മിറ്റ് സംവിധാനത്തിൻ്റെ പ്രസക്തി നഷ്ടപ്പെടും. സംസ്ഥാന സര്‍ക്കാരിൽ നിന്നോ ബന്ധപ്പെട്ട ഏജൻസിയിൽ നിന്നോ ലൈസൻസ് നേടുന്ന സ്ഥാപനത്തിന് നിയമവിധേയമായി ഏതു റൂട്ടിലും ടിക്കറ്റ് വെച്ച് സര്‍വീസ് നടത്താനാകും. യൂബറിനു സമാനമായി ബസ് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര അഗ്രിഗേറ്ററായ ഫ്ലിക്സ്ബസ് ഇതിനോടകം ഇന്ത്യയിൽ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സമാനമായ സര്‍വീസുകളുമായി ചില ഇന്ത്യൻ കമ്പനികളും രംഗത്തുണ്ട്.

കേന്ദ്രസര്‍ക്കാരിൻ്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button