KeralaUncategorized

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല; റവന്യൂ മന്ത്രി

No need to open Idukki Dam; Minister of Revenue

തിരുവനനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ ഡാമുകള്‍ തുറക്കുമെന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അണക്കെട്ടുകള്‍ തുറക്കുന്ന കാര്യം വിലയിരുത്താൻ ഇന്ന് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ഡാമുകള്‍ തുറക്കേണ്ട സാഹചര്യം യോഗം വിലയിരുത്തും.

ഇടുക്കി ഡാം നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വിഭാഗമാണെന്ന് മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡാമുകള്‍ പകൽ സമയത്ത് മാത്രമേ തുറക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കക്കി ഡാം രാവിലെ 11 മണിയോടെ തുറക്കുമെന്നാണ് മുന്നറിയിപ്പ്. പമ്പ – കക്കാട് ആറുകളുടെ തീരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൊല്ലം തെന്മല ഡാമിൻ്റെ ഷട്ടറുകളും 20 സെൻ്റിമീറ്റര്‍ ഉയര്‍ത്തും. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം. വരുന്ന ബുധനാഴ്ച മുതൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകളില്ല. എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവ ഉള്‍പ്പെടെ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതേസമയം, ബുധനാഴ്ചയോടെ വീണ്ടും മഴയുടെ ശക്തി വര്‍ധിക്കും. ബുധനാഴ്ച പത്ത് ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്. സംസ്ഥാനത്ത് ഈ വര്‍ഷം ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും കഴിഞ്ഞ ദിവസങ്ങളിലായി പെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2396.26 അടിയായി ഉയര്‍ന്നതോടെയാണ് ഡാമിൽ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. 2398.86 അടി ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇതിന് രണ്ടരയടിയോളം മാത്രമാണ് ബാക്കിയുള്ളത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ എപ്പോള്‍ വേണമെങ്കിലും ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്താൻ സാധ്യതയുണ്ട്.

ആവശ്യമെങ്കിൽ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള മുന്നൊരുക്കങ്ങളും കെഎസ്ഇബി അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട്. ഡിസാസ്റ്റര്‍ മാനേജ്മെൻ്റിൻ്റെയും സംസ്ഥാന സര്‍ക്കാരിൻ്റെയും തീരുമാനം അനുസരിച്ചായിരിക്കും ഡാം തുറക്കുന്നതു സംബന്ധിച്ച തീരുമാനം. ജലനിരപ്പ് ക്രമീകരിക്കാനായി മൂലമറ്റം പവര്‍ ഹൗസിൽ വൈദ്യുതി ഉത്പാദനവും പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിലയത്തിലെ അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മൂന്നാമത്തെ ജനറേറ്ററിൻ്റെ അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button