ശിവശങ്കറിന്റെ പേരില്ല; സന്ദീപ് നായർ മാപ്പുസാക്ഷി; സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു
No name of Lord Shiva; Sandeep Nair apologizes; Chargesheet filed in gold smuggling case
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. സ്വപ്ന സുരേഷ്, സരിത്ത്, കെ ടി റമീസ് എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ മുപ്പത്തഞ്ചോളം പ്രതികളാണുള്ളത്. ശിവശങ്കർ പ്രതിയല്ല. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ് ആദ്യ പ്രതി സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂർത്തിയാക്കിയ വേളയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതലയുള്ള രാധാകൃഷ്ണ പിള്ളയാണ് കുറ്റപത്രം എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മൂന്നാം പ്രതി സന്ദീപ് നായരെ കൂടാതെ നാലുപേർക്കൂടി മാപ്പ് സാക്ഷിയാകാനാണ് സാധ്യത. തുടർച്ചയായി നൂറ് കോടിയിലധികം രൂപയുടെ സ്വർണ്ണം കടത്തിയതിനാൽ തീവ്രവാദ പ്രവർത്തനമായി കണക്കാക്കാം എന്നാണ് എൻഐഎയുടെ വാദം.
എൻഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് നായർ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. സ്വർണ്ണക്കടത്ത് കേസിന്റെ സൂത്രധാരൻ ശിവശങ്കറാണെന്ന് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും പറയുമ്പോഴും അദ്ദേഹത്തെ എൻഐഎ പ്രതിചേർത്തിട്ടില്ല.
കോടതിയിൽ രഹസ്യമൊഴി നൽകിയ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കേസിൽ പ്രതിചേർത്തിരുന്നു.