‘വാക്സിൻ നിർമിക്കാൻ പണം നൽകുന്നില്ല’; കേന്ദ്രസര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം
'No money to build a vaccine'; Criticism of the Central Government by the Court

ന്യൂഡൽഹി: സ്പുട്നിക് വാക്സിൻ ഗവേഷണത്തിന് സ്വകാര്യ സ്ഥാപനത്തിന് അനുവദിച്ച ധനസഹായം വൈകുന്നതിനെതിരെയുള്ള ഹര്‍ജിയിൽ കേന്ദ്രസര്‍ക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്ത് ഓരോ വീട്ടിലും കൊവിഡ് എത്തിക്കഴിഞ്ഞെന്നും എന്നാൽ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദന്തഗോപുരങ്ങളിലാണ് കഴിയുന്നതെന്നും ഡൽഹി ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്ത് ലക്ഷക്കണക്കിന് ഡോസ് വാക്സിൻ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്പുട്നിക് 5 വാക്സിൻ്റെ ആദ്യഘട്ട ഉദ്പാദനം പൂര്‍ത്തിയാക്കിയ ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പനാസിയ ബയോടെക് ആണ് കോടതിയെ സമീപിച്ചത്. 2020 ജൂലെയിലെ തീരുമാനം അനുസരിച്ച് അടിയന്തരമായി വാക്സിൻ ഉത്പാദനത്തിനും ഗവേഷണത്തിനും പണം അനുവദിക്കണമെന്നും ഇല്ലെങ്കിൽ വാക്സിൻ നിര്‍മാണം താളം തെറ്റുമെന്നുമായിരുന്നു കമ്പനി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ജമൻമോഹനും നവീൻ ചൗളയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
“ഏതു ഉദ്യോഗസ്ഥരാണ് നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്? ഇവര്‍ ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നത്. ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ. അര മണിക്കൂറിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീരുമാനമെടുക്കേണ്ട വിഷയമാണിത്. ഇത് നിങ്ങള്‍ക്ക് ലഭിച്ച അവസരമാണെന്ന് നിങ്ങളുടെ ഓഫീസര്‍മാരോടു പറയൂ, ഇത് നഷ്ടപ്പെടുത്തി കളയരുത്. വൈറസ് രാജ്യത്തെ എല്ലാ വീടുകളിലുമെത്തി. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ ദന്തഗോപുരങ്ങളിൽ കഴിയുകയാണ്.” രാജ്യത്തെ കടുത്ത വാക്സിൻ ക്ഷാമം ചൂണ്ടിക്കാണിച്ചു കൊണ്ടു കോടതി പറഞ്ഞു.
“ഈ രാജ്യത്ത് ഇത്രയധികം മരണങ്ങള്‍ നടക്കുന്നത് ഈ ഉദ്യോഗസ്ഥര്‍ കാണുന്നില്ലേ. നമുക്ക് വാക്സിൻ ക്ഷാമമുണ്ടെന്ന് അറിയില്ലേ. വാക്സിനു വളരെ ക്ഷാമമുണ്ട്, ഇത് പരിഹരിക്കാനും ശ്രമിക്കുന്നില്ല. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരവസരമായിരിക്കും. നെഗറ്റീവായി എടുക്കരുത്. കാട്ടുതീ പടരുമ്പോള്‍ ആര്‍ക്കും കൂസലില്ലാത്തതു പോലെയാണ്. നിങ്ങള്‍ക്ക് സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാകാത്തതല്ലെങ്കിൽ പിന്നെന്താണ്?” കോടതി ചോദിച്ചു. രാജ്യത്ത് വാക്സിൻ ഉത്പാദനം വര്‍ധിപ്പിച്ചില്ലെങ്കിൽ മരങ്ങള്‍ തുടര്‍ക്കഥയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വാക്സിൻ കയറ്റുമതി ചെയ്യാൻ സാധിക്കില്ലെന്നിരിക്കേ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും ഇന്ത്യയിൽ തന്നെ വിതരണം ചെയ്യാൻ കഴിയുമെന്ന് പനാസിയ ബയോടെക് വ്യക്തമാക്കി. അനുവദിച്ച ധനസഹായം ഉടൻ വിതരണം ചെയ്തില്ലെങ്കിൽ വാക്സിൻ വിതരണം താളം തെറ്റുമെന്നും കോടതി വ്യക്തമാക്കി.