Kerala

സൗകര്യമില്ലെങ്കിൽ ഹോം ക്വാറൻ്റൈൻ വേണ്ട; 35% പേര്‍ക്ക് കൊവിഡ് പകരുന്നത് വീടുകളിൽ നിന്ന് : ആരോഗ്യമന്ത്രി

No home quarantine if not convenient; Kovid transmitted to 35% of households: Health Minister

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വര്‍ധിക്കാൻ കാരണം ആളുകള്‍ ഹോം ക്വാറൻ്റൈൻ വ്യവസ്ഥകള്‍ പാലിക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീട്ടിൽ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറൻ്റൈനിൽ കഴിയാവൂ എന്നും അല്ലാത്തവര്‍ സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണകേന്ദ്രങ്ങളിലേയ്ക്ക് മാറാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് 35 ശതമാനം പേര്‍ക്ക് വീടുകളിൽ നിന്നാണ് രോഗം പകരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വീടുകളിൽ നിന്ന് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരാള്‍ക്ക് കൊവിഡ് വന്നാൽ വീട്ടിൽ എല്ലാവര്‍ക്കും രോഗം വരുന്ന സാഹചര്യമാണുള്ളത്.

കൊവിഡ് കാലത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോകുന്നത് പരമാവധി ഒഴിവാക്കണമെന്നു ആരിൽ നിന്നും രോഗം വരാവുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഗൃഹപ്രവേശവും വിവാഹവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പോകുന്നത് ഒഴിവാക്കണം. ഫോണിൽ വിളിച്ച് ആശംസയറിയിച്ചാൽ മതിയെന്നും കൊവിഡ് കാലം കഴിയുമ്പോള്‍ നേരിട്ടു പോകാമെന്നും മന്ത്രി പറഞ്ഞു. ഷോപ്പിങിനു പോകുമ്പോഴും വീടുകള്‍ സന്ദര്‍ശിക്കാൻ പോകുമ്പോഴും കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഓഫീസിലും പൊതുസ്ഥലങ്ങളിലും പോയിട്ടു വന്നു മറ്റുള്ളവരുമായി ഇടപഴകുന്നതിനു മുൻപ് കുളിക്കണം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയാലും ഫലം വരുന്നതിനു വരെ നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവര്‍ മുറിയിൽ നിന്നു പുറത്തിറങ്ങരുതെന്നും ഈ സമയത്ത് വീട്ടിലുള്ളവരെല്ലാവരും മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗി ഉപയോഗിച്ച പാത്രങ്ങളും മറ്റു സാധനങ്ങളും വീട്ടിലെ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. വീടുകളിലേയ്ക്ക് കൊവിഡ് എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച മന്ത്രി രോഗിയുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിൽ കഴിയണമെന്ന് നിര്‍ദേശിച്ചു. ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് സഹായം സ്വീകരിക്കണം.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ആശാവര്‍ക്കര്‍മാര്‍ വീടുകളിൽ എത്തിക്കുന്നുണ്ടെന്നും മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്സ് ക്വാറൻ്റൈൻ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കടകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കണം. ഹോം ഡെലിവറി സംവിധാനം പരമാവധി ഉപയോഗിക്കണം. കൊവിഡ് പരിശോധനയ്ക്ക് പോയി വരുന്ന വഴിയിൽ കടകളിലും മറ്റു സ്ഥലങ്ങളിലും കയറുന്നത് ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button